പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലരാണ് സംശയം ഉന്നയിച്ചിരിക്കുന്നത്. കോഴിമാലിന്യത്തിനൊപ്പം പ്ലാസ്റ്റികോ മറ്റു വിഷവസ്തുക്കളോ അകത്തുചെന്നിരിക്കാമെന്നും കരുതുന്നുണ്ട്...

കല്‍പ്പറ്റ: ജലാശയങ്ങളിലെ മലിനീകരണം നിമിത്തം മീനുകളടക്കമുള്ള ചെറുജീവികള്‍ ചത്തുപൊങ്ങുന്നത് പതിവ് സംഭവമാണ് കേരളത്തില്‍. പ്രത്യേകിച്ചും വേനല്‍ക്കാലങ്ങളില്‍ ഒഴുക്ക് കുറയുന്ന സമയങ്ങളില്‍ മാലിന്യം ജീവജാലങ്ങള്‍ക്ക് വിനയാകാറുണ്ട്. എന്നാല്‍ വയനാട്ടിലെ പനമരം പുഴയില്‍ മുതലകള്‍ കൂട്ടത്തോടെ ചത്ത സംഭവം പ്രകൃതിസ്‌നേഹികളുടെ ഇടയില്‍ ഗൗരവമേറിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. മൂന്ന് മുതലകളെയാണ് ദാസനക്കര കൂടല്‍ക്കടവ് പാലത്തിന് സമീപം കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. പുഴയില്‍ തള്ളുന്ന കോഴിമാലിന്യം പോലെയുള്ളവ ഇവ ഭക്ഷിച്ചിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. 

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലരാണ് സംശയം ഉന്നയിച്ചിരിക്കുന്നത്. കോഴിമാലിന്യത്തിനൊപ്പം പ്ലാസ്റ്റികോ മറ്റു വിഷവസ്തുക്കളോ അകത്തുചെന്നിരിക്കാമെന്നും കരുതുന്നുണ്ട്. 300 കിലോയോളം തൂക്കമുള്ള രണ്ട് മുതലകളുടെ ജഡമാണ് പാലത്തിനടയിലെ പാറക്കെട്ടിനിടയില്‍ ആദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ചെതലയം റെയ്ഞ്ച് ഓഫീസര്‍ കെ. ആഷിഫ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി.പി. സുനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മറ്റൊന്നിന്റെ ജഡം കൂടി കണ്ടെത്തിയത്. 

തുടര്‍ന്ന് മൂന്ന് ജഡവും പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി. ഏതാണ്ട് 35 വയസ്സ് പ്രായമെത്തിയവയാണ് മുതലകള്‍. രണ്ട് മുതലകളെ കരക്കെത്തിച്ച് കഴിഞ്ഞതിന് ശേഷമാണ് സമീപത്തെ പാറക്കൂട്ടത്തിനിടയില്‍ നിന്ന് 150 കിലോയോളം തൂക്കമുള്ള മറ്റൊരു മുതലയുടെ ജഡം കൂടി കണ്ടെടുത്തത്. മൂന്നിന്റെയും ജഡം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റുമാര്‍ട്ടം നടത്തി. പരിശോധന പൂര്‍ത്തിയായാല്‍ മുതലകളുടെ ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും. അതേ സമയം വയനാട്ടിലെ ചെറുതും വലുതുമായ ജലാശയങ്ങള്‍ മുമ്പത്തേതിലും കൂടുതലായി മലിനീകരിക്കപ്പെടുന്നുണ്ടെന്ന ആരോപണം ശക്തമാണ്. പ്രളയശേഷം ജലാശയങ്ങള്‍ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയിരുന്നെങ്കിലും സഞ്ചാരികള്‍ അടക്കമുള്ളവര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അടക്കം ജലാശയങ്ങളില്‍ വലിച്ചെറിയുണ്ടെന്നാണ് ആരോപണം.