സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി, മാലിന്യ സംസ്കരണം തുടങ്ങിയവയും പരിഗണിച്ചാണ് അവാർഡ് നല്‍കിയതെന്ന് മന്ത്രി

കാസർഗോഡ്: മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി സ്വന്തമാക്കി കാസർഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്ത്. ആലപ്പുഴയിലെ മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 

സംസ്ഥാന സർക്കാർ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തിന് പുറമേ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി, മാലിന്യ സംസ്കരണം തുടങ്ങിയവയും പരിഗണിച്ചാണ് അവാർഡ് നല്‍കിയതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നിങ്ങനെ അവാര്‍ഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് സമ്മാനിക്കുക. 

ഫെബ്രുവരി 19ന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം വിതരണം ചെയ്യും. വിജയികളായ പഞ്ചായത്തുകളുടെ ഭരണസമിതിയെയും ജീവനക്കാരെയും പൊതുജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.