കോഴിക്കോട്: സ്പോര്‍ട്സ് കൗണ്‍സിലിന്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ തെളിവാണ് കോഴിക്കോട്ട് ബീച്ചിലെ നീന്തൽ കുളം പദ്ധതി. നിർമ്മാണം തുടങ്ങി 20 വർഷമായിട്ടും നീന്തൽ കുള പദ്ധതി എങ്ങുമെത്തിയില്ല. പാട്ടക്കുടിശിക അടക്കം പദ്ധതി മൂലം കോടിക്കണക്കിന് രൂപ ബാധ്യത ആയതോടെ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണിപ്പോൾ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ.

94 ലക്ഷം രൂപ ചെലവിട്ടാണ് കോഴിക്കോട് ബീച്ചിൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ നീന്തല്‍കുളത്തിന്റെ നിർമ്മാണം ആരംഭിച്ചത്. അന്ന് ഒന്നരകോടി രൂപയായിരുന്നു നിർമ്മാണ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പത്ത് കോടിയോളം രൂപ ചെലവിട്ടാൽ മാത്രമേ നീന്തൽ കുളത്തിന്റെ നിർമ്മാണം പൂർത്തിയാകുകയുള്ളുവെന്നാണ് സ്പോർട്സ് കൗൺസിൽ അധികൃതർ പറയുന്നത്.

തുറമുഖ വകുപ്പിന്‍റെ ഒന്നര ഏക്കര്‍ സ്ഥലം പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് എടുത്താണ് നീന്തല്‍ കുളം നിര്‍മ്മാണം തുടങ്ങിയത്. വര്‍ഷം 74,500 രൂപയാണ് ഭൂമി വാടകയായി സര്‍ക്കാര്‍ നൽകുന്നത്. ഇതിനിടെ കടപ്പുറത്തിനടുത്ത് നീന്തല്‍ കുളം നിര്‍മ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. അതോടെ നീന്തല്‍ കുള നിര്‍മ്മാണം നിയമക്കുരുക്കിലായി. എല്ലാം പരിഹരിച്ചപ്പോഴേക്കും പാട്ട കാലാവധി തീര്‍ന്നിരുന്നു. ഇപ്പോള്‍ പാട്ടകുടിശ്ശിക ഉള്‍പ്പെടെ വലിയ ബാധ്യതയിലാണ് സ്പോര്‍ട്സ് കൗണ്‍സില്‍.

നിര്‍മ്മാണം അനിശ്ചിതമായി നീളുമ്പോള്‍ വലിയ സാമ്പത്തിക ബാധ്യതയാണ് നീന്തൽ കുളം പദ്ധതി സ്പോര്‍ട്സ് കൗണ്‍സിലിന് ഉണ്ടാക്കുന്നത്. പാട്ടക്കുടിശ്ശിക ഒഴിവാക്കണം, പാട്ടതുകയില്ലാതെ പാട്ടകരാര്‍ പുതുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്പോര്‍ട്സ് കൗണ്‍സിൽ സർക്കാരിനെ സമീപിക്കുക.