Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര നാളെ തിരുവനന്തപുരത്ത്, സ്വീപ് ബോധവത്കരണ പരിപാടികള്‍ക്ക് വര്‍ണാഭ സമാപനമാകും 

വൈകിട്ട് നാലിന് രാജ്ഭവനില്‍ നിന്ന് ആരംഭിച്ച് കനകക്കുന്നില്‍ സമാപിക്കുന്ന വിളംബരഘോഷയാത്രയില്‍ സാംസ്‌കാരിക നായകരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരും പങ്കെടുക്കും

Systematic Voters Education and Electoral Participation awareness programs details
Author
First Published Apr 24, 2024, 12:01 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് നടത്തിയ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്കരണ പരിപാടികള്‍ നാളെ (ഏപ്രില്‍ 25) വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന 'തിരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര'യോടെ സമാപിക്കും. വൈകിട്ട് നാലിന് രാജ്ഭവനില്‍ നിന്ന് ആരംഭിച്ച് കനകക്കുന്നില്‍ സമാപിക്കുന്ന വിളംബരഘോഷയാത്രയില്‍ സാംസ്‌കാരിക നായകരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരും പങ്കെടുക്കും.

സിഎഎ പരാമർശിക്കാതെ ഖർഗെ, വേദി വിട്ടിറങ്ങാൻ നേരം ഹസൻ ചെവിയിൽ പറഞ്ഞതെന്ത്? വീണ്ടുമെത്തി പ്രസംഗം, സിഎഎ റദ്ദാക്കും

തിരഞ്ഞെടുപ്പുകളോടുള്ള ആഭിമുഖ്യം യുവജനങ്ങളുടെ ഇടയില്‍  കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ എല്ലാ സമ്മതിദായകരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വ്യാപകമായി സ്വീപിന്റെ നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ബോധവത്കരണ പരിപാടികള്‍ വന്‍ വിജയമായതോടെ വോട്ടര്‍ പട്ടികയില്‍ മൂന്നു ലക്ഷത്തിലധികം യുവസമ്മതിദായകരുടെ വര്‍ധനവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബര്‍ 27ന് ശേഷം 3,11,805 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നത്. സംസ്ഥാനത്ത് നിലവില്‍ 5,34,394 യുവ വോട്ടര്‍മാരാണുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടര്‍മാര്‍കൂടിയാണ് ഇവര്‍. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധന ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ബോധവത്കരണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഭിന്നലിംഗ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായി.  

ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലങ്ങളില്‍ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാക്കിയത്. സോഷ്യല്‍ മീഡിയ മുഖേനയും കോളേജുകള്‍, സര്‍വകലാശാലകള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളിലും വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബോധവത്കരണത്തിനായി സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളില്‍ വോട്ടുവണ്ടിയുമെത്തി. 

'നമ്മുടെ വിരല്‍ത്തുമ്പിലൂടെ മുഴങ്ങട്ടെ നാളെയുടെ ശബ്ദം' എന്നതാണ് തിരഞ്ഞെടുപ്പ് വിളംബര ഘോഷയാത്രയുടെ മുദ്രാവാക്യം. കേരളത്തിന്റെ തനത് കലാരൂപങ്ങളും അശ്വാരൂഢസേനയും റോളര്‍ സ്‌കേറ്റിങ് ടീമുമൊക്കെ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ താലപ്പൊലി, പഞ്ചവാദ്യം, വേലകളി, തെയ്യം, കളരിപ്പയറ്റ്, ഒപ്പന, മാര്‍ഗംകളി, പുലികളി, ചെണ്ടമേളം, കഥകളി, കേരളനടനം, മോഹിനിയാട്ടം എന്നിവ അരങ്ങേറും. വാക്കത്തോണും ഇതോടനുബന്ധിച്ച് നടക്കും. ഘോഷയാത്ര കനകക്കുന്നിലെത്തുമ്പോള്‍ തിരഞ്ഞെടുപ്പ് വിളംബരം കുറിച്ച് തിരുവാതിര അരങ്ങേറും. സമാപന പരിപാടിയോടനുബന്ധിച്ച് വൈകിട്ട് ഏഴിന് മാനവീയം വീഥിയില്‍ അതില്‍ നറുകരയുടെയും സംഘത്തിന്റെയും മ്യൂസിക് ബാന്‍ഡും അരങ്ങേറും. 

നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതിഫലനമെന്നോണം ഒരുക്കുന്ന തിരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര'യില്‍ എല്ലാവരും ഭാഗമാകണമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios