Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ബൈക്ക് പൊക്കി, നാണക്കേടായി; ഒടുവിൽ കള്ളനെ തമിഴ്നാട് പൊലീസ് പൊക്കി

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി രണ്ട് മാസത്തോട് അടുക്കുന്നതിനിടയിലാണ് പ്രത്യേക ടീം തന്ത്രപരമായി പ്രതിയെ അറസ്റ്റ് ചെയ്തത്.

Tamil Nadu police arrested the thief who stole bike from vizhinjam police station SSM
Author
First Published Sep 27, 2023, 10:51 AM IST

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് കടത്തിക്കൊണ്ടുപോയ തമിഴ്നാട്ടുകാരനായ യുവാവ് തമിഴ്നാട് പൊലീസിന്റെ പിടിയിലായി. പിടിച്ചുപറിയും മോഷണ പരമ്പരകളും നടത്തിയ തക്കല സ്വദേശി മെർലിൻ രാജിനെ ഇന്നലെ കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. 

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി രണ്ട് മാസത്തോട് അടുക്കുന്നതിനിടയിലാണ് പ്രത്യേക ടീം തന്ത്രപരമായി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച വിവരം തമിഴ്നാട് പൊലീസ് വിഴിഞ്ഞം പൊലീസിന് ഇന്നലെ വൈകുന്നേരമാണ് കൈമാറിയത്. ജൂലൈ 12 ലെ സംഭവം നടന്ന് മൂന്നാം നാൾ മെർലിന്റെ ബന്ധുവും കൂട്ടു പ്രതിയുമായ കൽക്കുളം മരുതവിള മണലിയിൽ റെജിലിനെ (30) തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെർലിനെ പിടികൂടാനായിരുന്നില്ല. വിവിധ ഇടങ്ങളിൽ ചുറ്റിനടന്ന് മോഷണം നടത്തുന്ന മെർലിനെ ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിലാണ് പൊലീസ് അകത്താക്കിയത്.

ജൂലൈ 12 ന് വൈകുന്നേരം വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിളറോഡിലൂടെ ആക്ടീവയിൽ പോയ യുവതിയുടെ മാല പിടിച്ച് പറിക്കാൻ മെർലിൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. യുവതിയുടെ ബഹളം കേട്ട്  നാട്ടുകാർ വരുന്നത് കണ്ട് മെര്‍ലിന്‍ തന്റെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ ബൈക്ക് കേടായി. റോഡരികിൽ വാഹനം പൂട്ടി വച്ച ശേഷം മെർലിൻ ഓടിരക്ഷപ്പെട്ടു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത ബൈക്ക് സ്റ്റേഷൻ മുറ്റത്ത് പാർക്ക് ചെയ്തു. എന്നാൽ പൊലീസിന്റെ മൂക്കിന് താഴെ സ്റ്റേഷൻ മുറ്റത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ, തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കൊണ്ട് പോയാണ് മെര്‍ലിന്‍ പൊലീസുകാരെ ഞെട്ടിച്ചത്. 

കൂട്ടുപ്രതിയായ റെജിനെ തമിഴ്നാട്ടിൽ നിന്ന് രാത്രിയിൽ വിളിച്ച് വരുത്തിയ മെർലിൻ സ്റ്റേഷൻ പരിസരം വീക്ഷിച്ച് പുലർച്ചെ പാറാവുകർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാഹനം കടത്തി. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഉരുട്ടി റോഡിൽ എത്തിച്ച ബൈക്ക് വയർ ഉപയോഗിച്ച് സ്റ്റാർട്ടാക്കി ഓടിച്ച് പോയി. നേരം പുലരുന്നതിനിടയിൽ സംഘം സംസ്ഥാനം വിട്ടു. തുടർന്ന് സിസിടിവി കാമറകൾ പരിശോധിച്ചാണ്  ബൈക്ക് കടത്തിക്കൊണ്ട് പോയവരെ തിരിച്ചറിഞ്ഞത്. മോഷണശ്രമം, തൊണ്ടിമുതൽ കടത്തൽ എന്നിങ്ങനെ രണ്ട് കേസുകൾ മെർലിനെതിരെ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതിയെ  ചോദ്യംചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.ഐ വിനോദ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios