മലപ്പുറം: ഏഴു വര്‍ഷങ്ങളായി  മലപ്പുറം താനൂര്‍ ഗവൺമെന്‍റ് കോളേജ് പ്രവര്‍ത്തിക്കുന്നത് പീടിക മുറിയുടെ മുകളില്‍ വാടക കെട്ടിടത്തിലാണ്. കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തുന്നതിന്‍റെ പേരിലുള്ള രാഷ്ട്രീയക്കാരുടെ തര്‍ക്കമാണ് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കുന്നത്. താനൂരിലെ  സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്‍റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഷീറ്റുകൊണ്ട് മറച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാൻ തുടങ്ങിയിട്ട് ഏഴു വര്‍ഷങ്ങളായി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏറെ ശോച്യാവസ്ഥയിലാണ്. 

കോളേജിന് കെട്ടിടം നിര്‍മ്മിക്കാൻ  തൊട്ടടുത്ത ഒഴൂര്‍ പഞ്ചായത്തില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. താനൂര്‍ എംഎല്‍എ വി അബ്‍ദു റഹിമാനാണ് ഇതിന് മുൻകൈയെടുത്തത്. എന്നാല്‍ മു്സലീം ലീഗ് ഇതിന് എതിരാണ്. താനൂരില്‍  ഫിഷറീസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം പണിയണമെന്നാണ് ഇവരുടെ ആവശ്യം.സ്വകാര്യ വ്യക്തിയില്‍ നിന്ന് ഭൂമി വാങ്ങാനുള്ള എംഎല്‍എയുടെ നീക്കം കോടതിയെ സമീപിച്ച് മുസ്ലീം ലീഗ് തടഞ്ഞിട്ടുണ്ട്. സ്ഥലം വാങ്ങുന്നത് സംബന്ധിച്ച  തര്‍ക്കം മുറുകുകയും കോടതി കയറുകയുമൊക്കെ ചെയ്തതോടെ  കോളേജിന് അടുത്തകാലത്തൊന്നും സ്വന്തം സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാനാവില്ലെന്ന് ഉറപ്പായി.വിദ്യാര്‍ത്ഥികളുടെ  ദുരിതത്തിനും  അടുത്തകാലത്തൊന്നും പരിഹാരവുമുണ്ടാവില്ല.