വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്ന അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കണം, അവരുടെ നഗ്നത മറയ്ക്കണം എന്നത് മാത്രമായിരുന്നു ആ സമയത്തെ ചിന്തയെന്നാണ് ഷാജി പ്രതികരിക്കുന്നത്.

കൊച്ചി: തൃപ്പൂണിത്തുറയിലെ റോഡപകടത്തിൽ പരിക്കേറ്റ് കിടന്ന സ്ത്രീയുടെ നഗ്നത മറയ്ക്കാൻ സ്വന്തം മുണ്ട് അഴിച്ചു നൽകിയ യുവാവിന് അഭിനന്ദന പ്രവാഹം. അപകടത്തിന്റെ ആഘാതത്തിന് പുറമേ ധരിച്ചിരുന്ന വസ്ത്രം റോഡിലുരഞ്ഞ് കീറിപ്പറിഞ്ഞ് പരിഭ്രാന്തയായ സ്ത്രീയെ കണ്ടു നിന്നവർ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴായിരുന്നു സൈക്കിളിൽ ചായ വിൽപന നടത്തിയിരുന്ന ഷാജിയുടെ ഇടപെടൽ. അപകടത്തിൽ ബസിനടിയിൽപ്പെട്ട സ്ത്രീയുടെ വസ്ത്രം കീറിയെന്ന് കണ്ടതോടെയാണ് ഷാജി തന്റെ മുണ്ട് അഴിച്ച് ഉടുപ്പിച്ചത്. ഞാൻ മുണ്ടില്ലാതെ നിൽക്കുന്നതൊന്നും ചിന്തിച്ചില്ല. വല്ലാത്തൊരവസ്ഥയിൽ നിൽക്കുന്ന അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കണം, അവരുടെ നഗ്നത മറയ്ക്കണം എന്നത് മാത്രമായിരുന്നു ആ സമയത്തെ ചിന്തയെന്നാണ് ഷാജി പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം കണ്ടുനിന്നവരും നാട്ടുകാരും ഷാജിയുടെ ഇടപെടലിനെ അഭിനന്ദിച്ചു. ദുരന്ത സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതിലുപരി മനുഷ്യന്റെ മാനവും സ്വകാര്യതയും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഷാജിയുടെ പ്രവൃത്തി വലിയ രീതിയിലാണ് കയ്യടി നേടുന്നത്. ഷാജിയുടെ ഇടപെടൽ സാമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീയുടെ ആത്മാഭിമാനം സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച കരുതലിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ജൂൺ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുൻ ചക്രത്തിന് അടിയിലേക്കാണ് സ്ത്രീ വീണത്. മീറ്ററുകളോളം ടയറിൽ കുരുങ്ങി വലിച്ചിഴച്ചതോടെയാണ് യുവതിയുടെ വസ്ത്രങ്ങൾ പൂർണമായി കീറിപ്പോയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം