ഏഴാംക്ലാസ് വിദ്യാഭ്യാസമുള്ള ഭാര്യ ജമീലയെയും മൂന്ന് മക്കളെയും പിന്നിലാക്കി പഠനത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മൊയ്തു

കല്‍പ്പറ്റ: പഠിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിത പ്രയാസങ്ങളില്‍ വല‌ഞ്ഞ് രണ്ടാം ക്ലാസില്‍ ഉപേക്ഷിച്ച സ്വപ്‌നം അറുപതാം വയസിൽ വീണ്ടെടുക്കാൻ മൊയ്തു. കഴിഞ്ഞ ദിവസം കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളിലെ ക്ലാസ് മുറിയില്‍ ഇരുന്ന് കമ്പളക്കാട് ജിയുപി സ്‌കൂളിലെ രണ്ടാം ക്ലാസില്‍ വെച്ച് കൈവിട്ട ആഗ്രഹം തിരികെ പിടിക്കുകയായിരുന്നു മൊയ്തു. പലവിധ പ്രായക്കാര്‍ എത്തിയ നാലാം ക്ലാസ് തുല്യത പരീക്ഷയില്‍ ഏറ്റവും പ്രായമുള്ള ആളായിരുന്നു മൊയ്തു. തന്റെ ഉപജീവന മാര്‍ഗമായ ചായക്കടക്ക് അവധി നല്‍കിയായിരുന്നു ദീര്‍ഘകാലമായുള്ള ആഗ്രഹം സഫലമാക്കാനായി മൊയ്തു പരീക്ഷക്കെത്തിയത്. ഏഴാംക്ലാസ് വിദ്യാഭ്യാസമുള്ള ഭാര്യ ജമീലയെയും മൂന്ന് മക്കളെയും പിന്നിലാക്കി പഠനത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മൊയ്തു പറഞ്ഞപ്പോള്‍ കേട്ടുനിന്നവരെല്ലാം അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. നാലാംതരം തുല്യത സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സമയം കളയാതെ തന്നെ ഏഴാംതരം പരീക്ഷയെഴുതണം. ഏഴാം തരത്തിന് ശേഷം പത്താംതരവും പിന്നെ ഹയര്‍സെക്കണ്ടറിയും കടന്ന് പഠിച്ച് ബിരുദം നേടണം എന്ന് മൊയ്തു സ്വപ്നങ്ങള്‍ എണ്ണിപ്പറയുന്നു.

ഏഴാം തരം തുല്യത പരീക്ഷയുടെ രണ്ടാം ദിവസം കുഞ്ഞിനെയും കൊണ്ടാണ് അമ്പിലേരി ഉന്നതിയിലെ രാധ പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് തയ്യാറായി വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് കുഞ്ഞ് കൂടെ വരാന്‍ വാശിപിടിച്ചത്. അങ്ങിനെ നഴ്‌സറി വിദ്യാര്‍ത്ഥിയായ ആദിത്യനെ കൂടെയിരുത്തിയായിരുന്നു രാധ പരീക്ഷയെഴുതിയത്. മൊയ്തുവിനെ പോലെ രാധയും ജീവിത പ്രാരാബ്ദ്ധങ്ങള്‍ക്കിടയില്‍ നിലച്ചുപോയ സ്വപ്നങ്ങള്‍ക്ക് നിറം പകരുകയാണ്. പത്താംതരം തുല്യത കോഴ്‌സില്‍ ചേര്‍ന്ന് വിജയിച്ചതിന് ശേഷം പി.എസ്.സി പരീക്ഷയെഴുതി സര്‍ക്കാര്‍ ജോലി വാങ്ങണമെന്നാണ് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഈ മുപ്പത്തിയാറുകാരിയുടെ ആഗ്രഹം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം