എഇഒയ്ക്ക് കൊടുക്കാനെന്ന് പേരില്‍ അധ്യാപികയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട ഹെഡ്മാസ്റ്റര്‍, പണം വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി.
കോട്ടയം: സ്കൂളില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ എല്‍.പി സ്കൂള്‍ ഹെഡ്‍മാസ്റ്ററെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം ചാലുകുന്ന് സി.എന്‍.ഐ എല്‍.പി. സ്കൂളിലെ ഹെഡ്‍മാസ്റ്ററായ സാം ജോണ്‍ റ്റി തോമസാണ് പിടിയിലായത്. ഒരു അധ്യാപികയില്‍ നിന്നാണ് ഇയാള്‍ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൊടുക്കെന്ന പേരിലായിരുന്നു പണം വാങ്ങിയത്.
കോട്ടയം സ്വദേശിനിയായ മറ്റൊരു സ്കൂളിലെ അധ്യാപികയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. ഈ അധ്യാപികയുടെ സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എഇഒയ്ക്ക് കൈക്കൂലി നല്‍കി ഇത് വേഗത്തില്‍ ശരിയാക്കി തരാമെന്ന് കോട്ടയം ചാലുകുന്നിലെ സി.എന്‍.ഐ എല്‍.പി. സ്കൂളില്‍ ഹെഡ്മാസ്റ്ററായ സാം ജോണ്‍ റ്റി തോമസ് ഇവരോട് പറഞ്ഞു. പതിനായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അധ്യാപിക കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖലാ പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിനെ അറിയിച്ചു.
തുടര്‍ന്ന് കോട്ടയം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്‍പി രവി കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ രമേശ് ജി, പ്രദീപ് എസ്, അന്‍സല്‍ എ.എസ്, മഹേഷ് പിള്ള എന്നിവര്‍ ഉള്‍പ്പെട്ട വിജിലന്‍സ് സംഘം വെള്ളിയാഴ്ച രാവിലെ സ്കൂളിന് സമീപത്ത് എത്തി. പതിനൊന്ന് മണിക്ക് ഹെഡ്‍മാസ്റ്റര്‍ അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയപ്പോള്‍ തന്നെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധനയുണ്ടാകുമെന്ന് വിജിലന്‍സ് അറിയിച്ചു. പിടിയിലായ ഹെഡ്‍മാസ്റ്ററെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064ലോ 8592900900 എന്ന നമ്പറിലോ അല്ലെങ്കില്‍ 94477789100 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കാം.
Read also: കൊടുവള്ളി ഗവ: കോളേജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം; ആറുപേർക്ക് പരിക്ക്
