മലപ്പുറം: സദാചാരത്തിന്റെ പേരില്‍ കോട്ടയ്ക്കലില്‍ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പങ്കാളിയുമായി താമസിച്ചതിന്റെ പേരിലാണ് നടപടിയുണ്ടായതെന്ന് ഇവര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് തന്നെ അപമാനിച്ച് സംസാരിച്ചതായും അധ്യാപിക പറയുന്നു. 

കോട്ടയ്ക്കല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നഴ്‌സറി അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അമ്മ അര്‍ബുദം ബാധിച്ച് മരിച്ചതോടെ ഒറ്റയ്ക്കായ അധ്യാപിക, വീട്ടുകാരുടെ സമ്മതത്തോടെ കോട്ടയ്ക്കല്‍ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചിരുന്നു. ആദ്യവിവാഹമോചനത്തിന്റെ രേഖകള്‍ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന്, ഈ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായി. 

ഇതിനിടയില്‍ ഗര്‍ഭിണിയായ യുവതി പ്രസവാവധി കഴിഞ്ഞ് സ്‌കൂളില്‍ തിരികെ പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് പുറത്താക്കിയ വിവരം അറിയുന്നത്. മോശം രീതിയില്‍ നടക്കുന്ന ഒരു സ്ത്രീയായിട്ടാണ് തന്നെ ചിത്രീകരിച്ചതെന്നും ഇപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ താന്‍ മോശക്കാരിയായിരിക്കുകയാണെന്നും അധ്യാപിക പറഞ്ഞു. അധ്യാപകര്‍, നാളെ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണെന്നും അവരാണ് ഇങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു പിടിഎ പ്രസിഡന്റിന്റെ പ്രതികരണം. 

അതേസമയം, മാനുഷിക പരിഗണനയില്‍ അധ്യാപികയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും പിടിഎ ജനറല്‍ ബോഡി യോഗം വിളിച്ച് അനുകൂല തീരുമാനമണ്ടാക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് പിടിഎ യോഗം വിളിച്ച പ്രസിഡന്റ്, യോഗത്തിലും അധ്യാപികയെ അപമാനിച്ചാണ് സംസാരിച്ചതെന്നാണ് പരാതി.

രക്ഷിതാക്കളുടെ പൊതുവികാരത്തിന് അനുസരിച്ചാണ്, യോഗത്തില്‍ സംസാരിച്ചതെന്നാണ് ഇതിന് പിടിഎ നല്‍കുന്ന വിശദീകരണം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലും രക്ഷിതാക്കളുടെ യോഗത്തില്‍ പരസ്യമായി അപമാനിച്ചതിനും വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മീഷനിലും അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്. 

വീഡിയോ കാണാം...