വേങ്ങര: പരീക്ഷാ ചുമതലയേറ്റെടുക്കാൻ 400 കിലോ മീറ്റര്‍ ദൂരം ബൈക്കോടിച്ചെത്തി ഒരു അധ്യാപകന്‍. പന്ത്രണ്ട് മണിക്കൂർ സമയം കൊണ്ട് 400 കിലോമീറ്റർ ബൈക്കോടിച്ചാണ് ജോൺ വൽസകം എസ്എസ്എൽസി  പരീക്ഷാ ചുമതലക്കെത്തിയത്. തിരുവനന്തപുരം ജില്ലയിലേ പാറശാല സ്വദേശിയായ ജോൺ വേങ്ങര ഗവ. വൊകേഷണൽ ഹയർ സെകണ്ടറി സ്‌ക്കൂളിലേ ഹൈസ്‌ക്കൂൾ വിഭാഗം കായിക  അധ്യാപകനാണ്. 

ചേറൂരിലെ പിപിടി എംവൈഎച്ച്എസ് സ്‌ക്കൂളിലായിരുന്നു ജോണിന് എസ്എസ്എൽ സി പരീക്ഷയുടെ ഇൻവിജിലേറ്റർ ചുമതല. അപ്രതിക്ഷിതമായി വന്ന ലോക്ക്ഡൗണിൽ നാട്ടിൽ കുടുങ്ങി. പരീക്ഷ ഇന്നലേ പുനരാരംഭിക്കുമെന്നായതോടെ ചുമതലയുള്ള സ്‌ക്കൂളിലെത്തൽ നിർബന്ധമായി. ട്രൈൻ സർവ്വീസ് നിലയ്ക്കുകയും ജില്ലകൾ കടന്നുള്ള ബസ് സർവ്വീസ് പുനഃരാരംഭിക്കാതെയും വന്നതോടെ യാത്ര ബുദ്ധിമുട്ടിലായി. ഇതോടെ ബൈക്കിൽ വേങ്ങരയിലെത്താമെന്ന ആശയം വന്നു. 

ആദ്യമായാണ്  ഇത്രയും കിലോമീറ്റർ ദൂരം ബൈക്കിൽ സഞ്ചരിക്കുന്നതെന്ന് ജോൺ  പറയുന്നു. നാട്ടിൽ നിന്നും ഗുരുവായൂർ വരെ ബന്ധു കൂടെ കൂട്ടിനുണ്ടായിരുന്നു.  തിങ്കളാഴ്ച രാവിലെ ഏഴ്മണിക്കാണ് നാട്ടിൽ നിന്ന് പുറപ്പെട്ടത്. കൊവിഡ് കാലമായതിനാൽ എല്ലാ സുരക്ഷയും പാലിച്ചായിരുന്നു യാത്ര. മൂന്ന് നേരത്തെ ഭക്ഷണം, കുടിക്കാനും കൈകഴുകാനുമുള്ള വെള്ളം തുടങ്ങിയവയെല്ലാം കയ്യിൽ കരുതിയിരുന്നു. യാത്ര ക്ഷീണം കുറക്കാൻ ഇടക്കിടെ ഇത്തിരി നേരം വിശ്രമത്തിനും സമയം കണ്ടെത്തി. രാത്രി  എട്ട് മണിയോടെ വേങ്ങരയിലെത്തി. രാവിലെ  സ്‌ക്കൂളിലെത്തി പരീക്ഷാ ജോലിയും ചെയ്തു. പരീക്ഷ കഴിഞ്ഞ് ബൈക്കിൽ തന്നെ നാട്ടിലേക്ക് മടങ്ങാനാണ് ഉദ്ദേശമെന്ന് ജോൺ പറഞ്ഞു.