Asianet News MalayalamAsianet News Malayalam

അമ്മയെ നഷ്ടപ്പെട്ട കടുവക്കുഞ്ഞിനെ വേട്ട പഠിപ്പിക്കാൻ കൂറ്റൻ സജ്ജീകരണങ്ങൾ, പതിനായിരം ചതുരശ്ര അടിയിൽ കൂട്

കാവൽക്കാർ കൂട്ടിലേക്ക് കടക്കാതിരിക്കാൻ പരമാവധി നോക്കും. ഇനി കടക്കേണ്ടിവന്നാൽ, മുഖത്തും ശരീരത്തിലും മണ്ണ് പുരട്ടി മനുഷ്യഗന്ധം കടുവയ്ക്ക് കിട്ടാതിരിക്കാൻ ശ്രദ്ധിക്കും

Teaches the tiger to hunt forest department makes big cage
Author
Chennai, First Published Jun 17, 2022, 4:01 PM IST

ചെന്നൈ: അമ്മയിൽ നിന്ന് വേർപെട്ട കടുവക്കുട്ടിയെ വേട്ട പഠിപ്പിക്കാൻ കൂറ്റൻ കൂടൊരുക്കി തമിഴ്നാട് വനംവകുപ്പ്. ആനമല കടുവാ സങ്കേതത്തിലാണ് പതിനായിരം ചതുരശ്ര അടി വലുപ്പത്തിൽ കൂടുണ്ടാക്കിയത്. ഒന്നരക്കൊല്ലം മുമ്പ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കടുവക്കുട്ടിയെ ഇരതേടൽ പരിശീലിപ്പിക്കാനാണ് 75 ലക്ഷം രൂപ മുടക്കി കൂട് പണിതത്. സ്വയം ഇരതേടാൻ പ്രാപ്തനായാൽ കടുവയെ കാട്ടിൽ തുറന്നുവിടും. 

വാൽപ്പാറയ്ക്കടുത്ത് മാനംപള്ളിയിൽ ജനവാസമേഖലയിൽ നിന്ന് എട്ടുമാസം പ്രായമുള്ളപ്പോഴാണ് തമിഴ്നാട് വനംവകുപ്പിന് ഇവനെ കിട്ടുന്നത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ മുറിവേറ്റ് അൽപപ്രാണനായാണ് മാനംപള്ളി ഫോറസ്റ്റ് ഓഫീസർ മണികണ്ഠന്റെ കണ്ണിൽപ്പെട്ടത്. കഴിഞ്ഞ ഒന്നര വർഷമായി വനപാലകരുടെ സംരക്ഷണയിലാണ്.

ശ്രദ്ധാപൂർവമുള്ള പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്തു. 118 കിലോഗ്രാം തൂക്കം വച്ചു. പക്ഷേ ചെറിയപ്രായത്തിൽ അമ്മയിൽ നിന്ന് വേർപെട്ടതുകൊണ്ട് ഇരതേടാനറിയില്ല. കൂട്ടിൽ വയ്ക്കുന്ന ഭക്ഷണം മാത്രം കഴിക്കും. സ്വന്തമായി ഇരതേടാൻ പഠിച്ചാലേ കാട്ടിലേക്ക് തുറന്നുവിടാനാകൂ.

75 ലക്ഷം രൂപയാണ് വേട്ട പഠിപ്പിക്കാനുള്ള കൂടിന്റെ നിർമാണച്ചെലവ്. ചെറുമൃഗങ്ങളെ ഇതിനുള്ളിലേക്ക് തുറന്നുവിട്ടാണ് ഇരതേടൽ പരിശീലനം. ആദ്യ ഘട്ടത്തിൽ കോഴിയേയും മുയലിനേയും പിന്നീട് മാൻ അടക്കം വലിയ മൃഗങ്ങളേയും നൽകും. കൂട്ടിൽ ചെറിയൊരു കുളവും ഒരുക്കിയിട്ടുണ്ട്. ആറ് സിസിടിവി ക്യാമറകളിലൂടെ കടുവയെ സദാസമയം നിരീക്ഷിക്കും. പരിപാലനത്തിനായി നാല് വനപാലകരേയും നിയോഗിച്ചു.

പക്ഷേ മനുഷ്യരുടെ സാന്നിദ്ധ്യം കടുവ അറിയാത്ത വിധമാണ് പരിശീലനം. ‍കാവൽക്കാർ കൂട്ടിലേക്ക് കടക്കാതിരിക്കാൻ പരമാവധി നോക്കും. ഇനി കടക്കേണ്ടിവന്നാൽ, മുഖത്തും ശരീരത്തിലും മണ്ണ് പുരട്ടി മനുഷ്യഗന്ധം കടുവയ്ക്ക് കിട്ടാതിരിക്കാൻ ശ്രദ്ധിക്കും. ശരീരം മുഴുവൻ മൂടുന്ന തരം വസ്ത്രങ്ങളും ധരിക്കും. മനുഷ്യരെ ആക്രമിക്കാതിരിക്കാനും കടുവയ്ക്ക് മനുഷ്യരോട് ആശ്രയത്വം തോന്നാതിരിക്കാനുമാണിത്. സ്വാഭാവിക അന്തരീക്ഷമെന്ന് കടുവയ്ക്ക് തോന്നിക്കാൻ കൂടിന്‍റെ വശങ്ങൾ പച്ച തുണി കൊണ്ട് മറച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മൃഗത്തെ വേട്ടയാടാൻ പഠിപ്പിക്കാൻ ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നത്.

Follow Us:
Download App:
  • android
  • ios