Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ട കൗൺസിലർക്ക് കണ്ണീരോടെ വിട; എം ജയശങ്കറിന് യാത്രാമൊഴി ചൊല്ലി ചേർത്തല

ബുധനാഴ്ച രാവിലെയാണ് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജയശങ്കർ (54) മരിച്ചത്. 

tearful farewell to the beloved counsellor m jayashankar
Author
First Published Jan 12, 2023, 12:42 AM IST

ചേർത്തല: സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു ജനപ്രതിനിധിയായും, ബിസിനസിലും തിളങ്ങിയ നഗരസഭാ കൗൺസിലർ എം. ജയശങ്കറിന് നഗരം കണ്ണീരോടെ വിടനൽകി. ബുധനാഴ്ച രാവിലെയാണ് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജയശങ്കർ (54) മരിച്ചത്. 

വ്യാപാരമേഖലയിലെ തിരക്കുകളിൽ നിന്നും ജനപ്രതിനിധിയിലേക്കുള്ള വേഷപകർച്ചക്കു വഴിയായത് അദ്ദേഹത്തിന്റെ ജനകീയാടിത്തറ തന്നെയാണ്. സാധാരണക്കാരനെ മനസ്സിലാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് നഗരസഭയിൽ മൂന്നു കൗൺസിലിലേക്കും സ്വതന്ത്രനായി വിജയിക്കാനായത്(കഴിഞ്ഞ കൗൺസിലിൽ ഇടക്ക് സാങ്കേതിക കാരണങ്ങളാൽ രാജിവെച്ചിരുന്നു). വ്യാപാരിയായും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റായും വ്യാപാരികൾക്കൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ചിരുന്ന ജയശങ്കർ നഗരത്തിലെ പ്രശ്നങ്ങളിൽ തലഉയർത്തി പ്രതികരിച്ചിരുന്നു. ആദ്യരണ്ടു തിരഞ്ഞെടുപ്പുകളിലും 11ാം വാർഡിലും 13ാം വാർഡിലും മുന്നണികളെ പിന്തള്ളിനേടിയ വിജയം ജയശങ്കറിന്റെ ജനകീയാടിത്തറക്കുതെളിവായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി തന്നെയാണ് നഗരസഭയിലെത്തിയത്. നഗരസഭയിൽ നിന്നുള്ള ഫണ്ടുകൾക്കായി കാക്കാതെ ജനകീയ പ്രശ്നങ്ങൾക്കു നേരിട്ടു പരിഹാരം കാണുന്ന ജയശങ്കർ സ്റ്റൈൽ ഏറെ ശ്രദ്ധനേടിയിരുന്നു. 

ബുധനാഴ്ച വൈകിട്ടോടെ മൃതദേഹം ദേശീയപാതയിൽ നിന്നും വിലാപയാത്രയായി നഗരത്തിലെത്തിച്ചു. മർ്ച്ചന്റ് അസോസിയേഷൻ ഓഫീസിലും തുടർന്ന് നഗരസഭാ അങ്കണത്തിലും പൊതുദർശനത്തിനുവെച്ചു. എ. എം. ആരിഫ്. എം. പി, നഗരസഭാ ചെയർപേഴ്സൺ ഷേർളിഭാർഗവൻ, തഹസിൽദാർ എം. മനോജ്, മുൻ ചെയർമാൻമാരായ വി. ടി. ജോസഫ്, ഐസക്ക്മാടവന, ജയലക്ഷ്മി അനിൽകുമാർ, പി. ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ, ടി. എം. എം. സി മാനേജിങ് പാർട്ട്ണർമാരായ വി. വി. പവിത്രൻ, വി. കെ. പ്രസാദ്, വിവിധ കക്ഷിനേതാക്കളായ കെ. രാജപ്പൻനായർ, സി. കെ. ഷാജിമോഹൻ, വെള്ളിയാകുളം പരമേശ്വരൻ, കെ. പ്രസാദ്, നഗരസഭാ സെക്രട്ടറി ടി. കെ. സുജിത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ. വി. സാബുലാൽ, ബി. ഭാസി, സിബി പഞ്ഞിക്കാരൻ, കൃഷ്ണദാസ് കർത്ത തുടങ്ങിയവർ വിലാപയാത്രക്കു നേതൃത്വം നൽകി. 

Read Also: തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപൻ്റെ അതിക്രമം: ബസ് ‍ഡ്രൈവര്‍ക്കും പൊലീസുകാരനും മര്‍ദ്ദനമേറ്റു

Follow Us:
Download App:
  • android
  • ios