പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ബന്ധുവായ യുവാവുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൂന്നാർ: ഇടുക്കി പണിക്കൻകുടിക്ക് സമീപം പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെയും യുവാവിനെയും ആളൊഴിഞ്ഞ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിയായ യുവാവിനെയും ബന്ധുവായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയുമാണ് വിഷം കഴിച്ച നിലയിൽ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ കാണാനില്ല എന്ന പരാതിയിൽ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനിടെയാണ് പെണ്‍കുട്ടിയെയും ബന്ധുവായ യുവാവിനെയും ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തിയത്. 

ഇടുക്കി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. ഇരുവരെയും ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് സൂചന. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വിഷം കഴിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ബന്ധുവായ യുവാവുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മൊഴിയെടുക്കുമെന്നും തുടർനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Read More :  പിൻവാതിൽ തുറന്നുകൊടുത്തു, ഉറങ്ങുന്ന ഭർത്താവിനെ വെട്ടി, കൂട്ടിന് അയൽവാസി; ഭാര്യയും മകനും അറസ്റ്റിൽ, ട്വിസ്റ്റ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)