പ്രദേ‌ശവാസികളായ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയംവെച്ചാണ് ആഡംബര ജീവിതത്തിനായുള്ള പണം പ്രതികൾ കണ്ടെത്തിയിരുന്നത്

തിരുവനന്തപുരം: ആഡംബര ജീവിതത്തിനായി മോഷണം പതിവാക്കിയ യുവാക്കൾ പൊലീസ് പിടിയിൽ. വിഴിഞ്ഞം പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേ‌ശവാസികളായ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയംവെച്ചാണ് ആഡംബര ജീവിതത്തിനായുള്ള പണം പ്രതികൾ കണ്ടെത്തിയിരുന്നത്. സ്വന്തം കുടുംബത്തിൽ നിന്നും മോഷണം നടത്തിയതിന് പിന്നാലെയാണ് ഇരുവരും പിടിയിലായത്. രണ്ടാഴ്ച മുമ്പ് ബന്ധുവീട്ടിൽ 17കാരൻ മോഷണം നടത്തിയിരുന്നു. കുഞ്ഞിന്‍റെ അമ്മ പള്ളിയിൽപോയ സമയംനോക്കി വീട്ടിലെത്തിയ ബന്ധുവായ പതിനേഴുകാരൻ മാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തായ ജിബിൻരാജിനെ വിളിച്ച് പത്താം തീയതി മുക്കോലയിലുള്ള ഒരു സ്വർണ പണയ സ്ഥാപനത്തിൽ 35,000 രൂപയ്ക്ക് മാല പണയം വെച്ചു. ഇതിൽ ജിബിൻരാജ് 25,000 രൂപയും പതിനേഴുകാരൻ 10,000 രൂപയും വീതിച്ചെടുത്തു. ഈ പണം ഇവർ ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ജിബിൻരാജിന്‍റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീസ് പിടിയിലായത്. അറസ്റ്റിലായ ജിബിൻരാജ് ഇതേ സ്ഥാപനത്തിൽ ഏഴിലധികം സ്വർണാഭരണങ്ങൾ പണയം വെച്ചതായി കണ്ടെത്തി. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പതിനേഴുകാരനെ വിട്ടയച്ചെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേസ് ജുവനൈൽ കോടതിയിലേക്ക് കൈമാറാനാണ് പൊലീസ് തീരുമാനം. എസ്എച്ച്ഒ വി.ഡി. രെജി രാജിന്‍റെ നേതൃത്വത്തിൽ എസ്ഐ റെജി തോമസ്, എ.എസ്.ഐ സാബു, സീനിയർ സിപിഒ വിനയകുമാർ, സിപിഒ രെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം