Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് കളി തടയാൻ ക്ഷേത്ര മൈതാനത്ത് ഭരണസമിതി കുഴികുത്തി; പക തീര്‍ക്കലെന്ന് യുവാക്കള്‍

ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനെ ചൊല്ലിയാണ് വര്‍ഷങ്ങളായി ഇവിടെയുള്ള യുവാക്കളും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു

Temple administration dig pits in ground to stop youths playing cricket in Kanhangad
Author
First Published Mar 30, 2024, 5:51 PM IST

കാഞ്ഞങ്ങാട്: ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നത് തടയാന്‍ മൈതാനം നിറയെ കുഴികുത്തിയതായി ആരോപണം. കാഞ്ഞങ്ങാട് കവ്വായി ശ്രീ വിഷ്ണുമൂര്‍ത്തി ദേവാലയത്തിന്റെ മൈതാനത്താണ് കുഴികള്‍ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളും ഇവിടെ കളിക്കാറുള്ള യുവാക്കളും തമ്മിലുള്ള തര്‍ക്കം പൊലീസിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ന്നതിനു പിന്നാലെയാണ് മൈതാനം നിറയെ കുഴി കുത്തിയത്. ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് പകപോക്കലാണെന്ന് യുവജന സമിതി ആരോപിച്ചു. എന്നാല്‍, ക്ഷേത്രം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് ഭരണസമിതിയുടെ പ്രതികരണം.

ആറ്റിങ്ങലിലെ പൊട്ട കിണറിൽ സുഹൃത്ത് വീണു, രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും പിന്നാലെ വീണു; ഫയർ ഫോഴ്സ് രക്ഷയായി

തര്‍ക്കം ഒത്തുതീര്‍ക്കാന്‍ പൊലീസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. മഴക്കാലത്ത് തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നത് വരെ മൈതാനം കളിക്കാന്‍ വിട്ടുകൊടുക്കണമെന്ന ധാരണയിൽ പൊലീസിനു മുന്നിലെത്തിയപ്പോള്‍ പരാതി പരിഹരിച്ചതെങ്കിലും ക്ഷേത്ര കമ്മിറ്റി മഴയെത്തുന്നതിനു മുമ്പേ കുഴികുത്തുകയായിരുന്നുവെന്ന് ഹൊസ്ദുര്‍ഗ് സിഐ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

Temple administration dig pits in ground to stop youths playing cricket in Kanhangad

ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനെ ചൊല്ലിയാണ് വര്‍ഷങ്ങളായി ഇവിടെയുള്ള യുവാക്കളും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈയിടെ ക്ഷേത്രം പുതുക്കി പണിത ശേഷം മൈതാനത്ത് ക്രിക്കറ്റ് കളിച്ചത് ക്ഷേത്ര ഭാരവാഹികളിലൊരാള്‍ ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ യുവാക്കള്‍ രംഗത്ത് വന്നതോടെ പ്രശ്‌നം പൊലീസിന്റെ മുന്നിലേക്ക് എത്തി. തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് ക്ഷേത്ര കമ്മിറ്റി ഏകപക്ഷീയമായി ലംഘിച്ചുവെന്നാണ് പ്രദേശത്തെ യുവജന സമിതി പറയുന്നത്.

എത്രയോ വര്‍ഷമായി തങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ് മൈതാനമെന്നും അമ്പലക്കമ്മിറ്റി തന്നിഷ്ടപ്രകാരമാണ് പെരുമാറുന്നതെന്നും യുവജന സമിതി അംഗം വിപിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ഒരു കാരണവശാലും മൈതാനത്ത് കളിക്കാന്‍ പറ്റില്ലെന്നാണ് കമ്മിറ്റി നിലപാട്. ഇവിടെകളിക്കാന്‍ മറ്റ് സ്ഥലങ്ങളില്ല. കളിക്കുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെ മദ്യപാനത്തിനും കഞ്ചാവടിക്കാനുമെല്ലാം ക്ഷേത്ര പരിസരം ഉപയോഗിക്കുന്നുവെന്ന് നുണ പറയുകയാണ്. മൈതാനത്തിലാരും കഞ്ചാവും മദ്യവും ഉപയോഗിക്കുന്നില്ല. പൊലീസിന് മുന്നിലെത്തിയപ്പോള്‍ ഈ ആരോപണം മാറ്റി, അന്യമതസ്ഥരായ ആളുകള്‍ കളിക്കാന്‍ വരുന്നതാണ് കാരണമെന്നാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഭാസ്‌കര ഹെഗ്‌ഡെ പറഞ്ഞത്. ഞങ്ങള്‍ കളിക്കുന്നത് കൊണ്ട് ക്ഷേത്രത്തിന് ഒരു നാശവും വന്നിട്ടില്ല. നെറ്റ് വലിച്ച് കെട്ടി പന്ത് ക്ഷേത്രത്തിന് മേലെ വീഴുന്നത് തടയാന്‍ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞെങ്കിലും ക്ഷേത്ര കമ്മിറ്റി തയ്യാറല്ല,'- വിപിന്‍ ആരോപിച്ചു.

Temple administration dig pits in ground to stop youths playing cricket in Kanhangad

'ഒരുപാട് കാലമായി സഹിക്കുന്നു, സഹിച്ച് മതിയായി, ഇനിയും ഇത് അനുവദിക്കാനാവില്ല' - എന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് ഒന്‍പതംഗ ഭരണസമിതിയിലെ അംഗം കെ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. 'ക്രിക്കറ്റ് കളിക്കാന്‍ പറ്റില്ലെന്ന് മുന്‍പേ പറയുന്നതാണ്. 70 ലക്ഷത്തിലേറെ ചെലവഴിച്ചാണ് നവീകരണവും പുനഃപ്രതിഷ്ഠയും നടത്തിയത്. ഗുളികന്റെ പ്രതിഷ്ഠയും ത്രിശൂലവും  പുറത്താണ്. അത് തറയില്‍ വീണാല്‍ വീണ്ടും പ്രതിഷ്ഠ വേണ്ടിവരും. ഇത്രയും പണം മുടക്കി ക്ഷേത്രം നിര്‍മ്മിച്ച തങ്ങള്‍ക്ക് അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട്.  അന്യമതസ്ഥര്‍ കളിക്കാന്‍ വരുന്നത് കൊണ്ടല്ല മൈതാനത്ത് കളി വിലക്കുന്നത്. അങ്ങനെയാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. കമ്മിറ്റി നിലപാടല്ല. മൈതാനത്തോട് ചേര്‍ന്ന സ്റ്റേജില്‍ യുവാക്കള്‍ രാത്രികളില്‍ മദ്യപിക്കാറുണ്ട്. ഇവിടെ നിന്ന് ബീഫിന്റെ വേസ്റ്റും കുപ്പികളും ഗ്ലാസുകളും ലഭിച്ചിട്ടുണ്ട്. മൈതാനം കൃഷിക്ക് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം നേരത്തെ ഉണ്ടായിരുന്നു.' -കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Temple administration dig pits in ground to stop youths playing cricket in Kanhangad

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ

ക്ഷേത്ര മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൊലീസിന് മുന്നിലെത്തിയതെന്ന് ഹൊസ്ദുര്‍ഗ് സിഐ എംപി ആസാദ് പറഞ്ഞു. സംഭവത്തില്‍ യുവാക്കളുടെ ആവശ്യം തള്ളാന്‍ പൊലീസിന് സാധിക്കുമായിരുന്നില്ല. എന്നാല്‍ ക്ഷേത്ര ഭൂമിയില്‍ എന്ത് ചെയ്യണമെന്ന് പറയാനുള്ള അധികാരം ക്ഷേത്രം ഭരണസമിതിക്കാണ്. ഈ വിഷയത്തില്‍ മഴക്കാലമാകുമ്പോഴേക്ക് തെങ്ങിന്‍ തൈകള്‍ നടുമെന്നും അതുവരെ കളിക്കാന്‍ അനുവദിക്കണമെന്നും ഇരുപക്ഷവും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് തര്‍ക്കം പരിഹരിച്ചത്. എന്നാല്‍ അമ്പലക്കമ്മിറ്റി തൊട്ടുപിന്നാലെ കുഴി കുത്തുകയായിരുന്നു. അന്യമതസ്ഥരായ ആളുകള്‍ എത്തുന്ന ഇടമാണോ ഇതെന്ന ചോദ്യത്തിന് അങ്ങനെയല്ല എന്നും പ്രദേശത്ത് ഹിന്ദുമത വിശ്വാസികളാണ് ബഹുഭൂരിപക്ഷവും എന്നും സിഐ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios