കോഴിക്കോട്: സിപിഎം നേതൃത്വത്തിലുള്ള അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടല്‍ കയ്യേറി വ്യാപകമായി അനധികൃത നിര്‍മാണം. കോഴിക്കോട്ട് മൂടാടി ശ്രീ ഉരുപുണ്യക്കാവ് ക്ഷേത്രത്തില്‍ വാവ് ബലിക്ക് വേണ്ടിയുള്ള സൗകര്യത്തിന്‍റെ പേര്  പറഞ്ഞാണ് ഒരേക്കറിനടുത്ത് കടല്‍ കയ്യേറിക്കെട്ടിയിരിക്കുന്നത്. സ്ഥലം സന്ദര്‍ശിച്ച തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫീസര്‍ കയ്യേറ്റം സ്ഥിരീകരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. 

ബലിതര്‍പ്പണത്തിനായി ധാരാളം ആളുകളെത്തുന്ന ക്ഷേത്രമാണ് കൊയിലാണ്ടി മൂടാടിയിലെ ശ്രീ ഉരുപുണ്യക്കാവ് ക്ഷേതം. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്‍റെ ഭരണം നിര്‍വഹിക്കുന്ന ട്രസ്റ്റി ബോര്‍ഡില്‍ സിപിഎം പ്രാദേശിക നേതാക്കളാണ് കൂടുതലും.  നിലവിലുള്ള ക്ഷേത്ര ഭരണ സമിതിയാണ് കടല്‍ കയ്യേറിയത്.  .

ക്ഷേത്രത്തിലേക്ക് നിര്‍മിച്ച പുതിയ റോഡ്  കടലിന്‍റെ സൈഡ് മണ്ണിട്ട് നികത്തിയാണ്. നീളം ഏതാണ്ട് മൂന്നൂറ് മീറ്ററിലധികം വരും. വീതി അഞ്ചുമീറ്ററിലേറെ. ഈ റോഡ് വന്നെത്തുന്നത് ക്ഷേത്രത്തിന് തൊട്ട് താഴെയാണ്. ഇത്രയും  കൂറ്റന്‍ കോണ്‍ക്രീറ്റ് അതിര്‍ത്തി നിര്‍മിച്ച് മണ്ണിട്ട് നിറച്ചിരിക്കുന്നു. ഇതിലൂടെ വഴി നടക്കാനുള്ള അവകാശം പോലും ചില സമയങ്ങളില്‍ നിഷേധിക്കുന്നതായും പരായുയര്‍ന്നിട്ടുണ്ട്.  

കടല്‍ കയ്യേറണമെന്ന ഉദ്ദേശത്തോടെയുള്ള നിര്‍മാണമല്ലെന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ വിശദീകരണം. കര്‍ക്കടക വാവ്ഉള്‍പ്പടെയുള്ളസമയത്തെ തിരക്ക് നിയന്ത്രിക്കാനാകുന്നില്ല. അതുകൊണ്ടാണ്ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ വിശദീകരിക്കുന്നു. അതിനിടെ റവന്യൂ വകുപ്പ് കയ്യേറ്റം സ്ഥിരീകരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി. കയ്യേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേയറുടെ സേവനം തേടി മൂടാടി വില്ലേജ് ഓഫീസര്‍ കൊയിലാണ്ടി താഹസില്‍ദാറെ സമീപിച്ചിട്ടുണ്ട്.