Asianet News MalayalamAsianet News Malayalam

'ഇനി ചെയ്താൽ വീട്ടിൽ കൊണ്ടുവന്നിടും': ദുർഗന്ധം വമിക്കുന്ന മാലിന്യം നിറഞ്ഞ ചാക്ക് പഞ്ചായത്ത് ഓഫീസിനുള്ളിൽ തള്ളി

പഞ്ചായത്തിലെ ഹരിത കർമ്മ സേന മാലിന്യം നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ചു കൊണ്ടായിരുന്നു യുവാവ് പ്രതിഷേധിച്ചത്

Tempo driver dump waste inside Panchayat office in Vengola
Author
First Published Aug 17, 2024, 4:29 PM IST | Last Updated Aug 17, 2024, 6:10 PM IST

കൊച്ചി: പഞ്ചായത്ത് ഓഫീസിൽ   മാലിന്യം  തള്ളി യുവാവിന്റെ പ്രതിഷേധം. എറണാകുളം വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് സംഭവം.  ജീവനക്കാർ ഇരുന്ന് ജോലി ചെയ്യുന്ന ക്യാബിന് ഉള്ളിലാണ് യുവാവ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. വെങ്ങോല സ്വദേശി അനൂപ് ആണ് ചാക്കുകെട്ടുകളിലാക്കിയ ദുർഗന്ധം വമിക്കുന്ന മാലിന്യം ഇവിടെ കൊണ്ടുവന്നിട്ടത്. ഇയാൾ ടെംപോ വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം നിറച്ച ചാക്കുകെട്ട് സ്വയം എടുത്ത് പഞ്ചായത്ത് ഓഫീസിനുള്ളിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. തന്‍റെ കടയ്ക്കു മുന്നിലെ മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് തയാറാകാത്തതിലുളള പ്രതിഷേധമാണ് നടന്നതെന്ന് അനൂപ് പ്രതികരിച്ചു.

പഞ്ചായത്തിലെ ഹരിത കർമ്മ സേന മാലിന്യം നീക്കം ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ചു കൊണ്ടായിരുന്നു. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ പരാതി നൽകിക്കോളൂവെന്നും ഇനിയും ഇത് ആവർത്തിച്ചാൽ വീട്ടിനുള്ളിൽ കൊണ്ടുവന്നിടുമെന്നും ഉദ്യോഗസ്ഥരോട് അനൂപ് പറഞ്ഞു. എന്നാൽ മാലിന്യം വെങ്ങോല പഞ്ചായത്തിലേതല്ലെന്ന വാദം ഉന്നയിച്ച് സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. പ്രാദേശിക വിഷയത്തിൽ സജീവമായി ഇടപെടുന്നയാളാണ് ഇദ്ദേഹം. എന്നാൽ അനാവശ്യ നടപടിയെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. വെങ്ങോല പഞ്ചായത്തിലെ മാലിന്യമല്ലെന്നും മനപ്പൂർവ്വം ബുദ്ധിമുട്ടിക്കാനുള്ള ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് നിന്നുള്ള ഒരു രസീതി കിട്ടിയിട്ടുണ്ടെന്നും അതിനാലിത് തങ്ങളുടെ പഞ്ചായത്ത് ഓഫീസിലെ മാലിന്യമല്ലെന്നുമാണ് പഞ്ചായത്തിൻ്റെ വാദം. 

സംഭവത്തിൽ അനൂപിനെതിരെ പഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബും രംഗത്തെത്തി. പാലാ കൊളപ്പുള്ളി പഞ്ചായത്തിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിച്ച് ക്ലീൻ കേരള വഴി നീക്കം ചെയ്ത മാലിന്യം വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ വീണ ഒരു ചാക്ക് കെട്ടാണിതെന്ന് ഷിഹാബ് പറഞ്ഞു. ഇത് വെങ്ങോല പഞ്ചായത്തിനുള്ളിൽ കൊണ്ടുവന്ന് ഇട്ടതിനാൽ ഇന്ന് ജീവനക്കാർക്ക് ജോലി ചെയ്യാനായില്ല. അവരെല്ലാം ഒന്നടങ്കം അവധിയെടുത്തു. ജനത്തിന് സേവനം നൽകാനായില്ല. പഞ്ചായത്തിൽ മാലിന്യ നീക്കത്തിൽ വീഴ്ചയുണ്ടായെങ്കിൽ പരിശോധിക്കും. എന്നാൽ അനൂപിൻ്റെ പ്രവ‍ർത്തി നിയമപരമല്ലെന്നും ഷിഹാബ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios