'നീതി കിട്ടി: ഞങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ അവന് വധശിക്ഷ കിട്ടി'; മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് താജുദ്ദീൻ
ആലുവ മാർക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനുള്ളിലാണ് അഞ്ചുവയസ്സുകാരിയെ അസഫാക് ആലം എന്ന കൊടുംക്രൂരൻ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത്.

കൊച്ചി: ആലുവ മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് ചുമട്ടുതൊഴിലാളി താജുദ്ദീൻ. ആലുവയിൽ അഞ്ചുവയസ്സുകാരി അതിക്രൂരമായ കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന സാക്ഷിയാണ് താജുദ്ദീൻ. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു വിധി പുറത്തു വരുന്നതിന് മുമ്പുളള താജുദ്ദീന്റെ പ്രതികരണം. 'ഞങ്ങൾ നാട്ടുകാർ ആഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. കേരള പൊലീസിനോടാണ് നന്ദി പറയാനുള്ളത്. 100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഇത് പാഠമായിരിക്കണം.' താജുദ്ദീന്റെ വാക്കുകളിങ്ങനെ.
ആലുവ മാർക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനുള്ളിലാണ് അഞ്ചുവയസ്സുകാരിയെ അസഫാക് ആലം എന്ന കൊടുംക്രൂരൻ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത്. കുട്ടിക്കൊപ്പം അസഫാക് ഇതുവഴി നടന്ന് പോയത് പലരും കണ്ടിരുന്നു. കുട്ടിയെ കുറിച്ച് ചോദിച്ചപ്പോൾ മകളാണെന്നായിരുന്നായിരുന്നു പ്രതി ഇവർക്ക് നൽകിയ മറുപടി. കുഞ്ഞിനെ ആലുവ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നത് കണ്ടതിൽ പ്രധാന സാക്ഷിയായിരുന്നു താജുദ്ദീൻ. താജുദ്ദീൻ മാത്രമല്ല, ആലുവ മാർക്കറ്റിലെ തൊഴിലാളികളെല്ലാവരും വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. വിധി പുറത്തു വന്ന സാഹചര്യത്തില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തുമാണ് ഇവര്‍ സന്തോഷം പങ്കിട്ടത്. ആ കുഞ്ഞിനെ രക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലല്ലോ എന്നൊരു കുറ്റബോധവും കൂടിയുണ്ട് ഈ സന്തോഷത്തിന് പിന്നില്‍.
പ്രതി അസഫാക് ആലം, ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകി. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ