ഹെവി ലോഡുമായി പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ടോറസോ, ടിപ്പർ ലോറികളോ ക്രോസിംഗിൽ വെച്ച് പഞ്ചറായാൽ സംസ്ഥാന പാതയിലെ വാഹന ഗതാഗതവും ട്രയിൻ ഗതാഗതവും ഒരുപോലെ നിലയ്ക്കും. കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിന്റെ അറ്റകുറ്റ പണിക്കായി നാല് ദിവസത്തോളം സംസ്ഥാന പാതയിലെ ഗതാഗതം ഭാഗികമായി നിർത്തി വെച്ചിരുന്നു.
എടത്വ: അപകട കെണിയായി തകഴി റെയിൽവേ ക്രോസിംഗ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിംഗിലെ കോൺക്രീറ്റ് കേഡറിന്റെ കമ്പികളാണ് കോൺക്രീറ്റിന് പുറത്തായി അപകടകരമായ രീതിയിൽ പൊങ്ങി നിൽക്കുന്നത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്ത് ഉയർന്ന് നിൽക്കുന്ന കമ്പിയിൽ ടയർ ഉടക്കി പൊട്ടാൻ സാധ്യത ഏറെയാണ്. റോഡിന്റെ മധ്യത്തിൽ നിരവധി ഭാഗങ്ങളിലായി കേഡറിൽ നിന്ന് കമ്പികൾ പുറത്തായി നിൽപ്പുണ്ട്.
ഹെവി ലോഡുമായി പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ടോറസോ, ടിപ്പർ ലോറികളോ ക്രോസിംഗിൽ വെച്ച് പഞ്ചറായാൽ സംസ്ഥാന പാതയിലെ വാഹന ഗതാഗതവും ട്രയിൻ ഗതാഗതവും ഒരുപോലെ നിലയ്ക്കും. കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിന്റെ അറ്റകുറ്റ പണിക്കായി നാല് ദിവസത്തോളം സംസ്ഥാന പാതയിലെ ഗതാഗതം ഭാഗികമായി നിർത്തി വെച്ചിരുന്നു. ക്രോസിംഗ് റോഡിൽ കേഡറിന്റെ പുറത്തായി നിൽക്കുന്ന കമ്പി മാറ്റി അറ്റകുറ്റപണി ചെയ്യാൻ അധിക്യതർ തയ്യാറായില്ല. കമ്പി തെളിഞ്ഞ് നിൽക്കുന്നത് കൂടാതെ പാളത്തിന്റെ ഇരുവശങ്ങളിലേയും റോഡ് കുഴിയായി കിടക്കുകയാണ്. ഇരുഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ക്രോസിംഗ് റോഡിലെ ഗട്ടറിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്. അപകടം പതിയിരിക്കുന്ന ക്രോസിംങ് റോഡിലെ കമ്പി തെളിഞ്ഞു നിൽക്കുന്ന കോൺക്രീറ്റ് കേഡർ മാറ്റി പുതിയത് സ്ഥാപിച്ചില്ലങ്കിൽ വൻ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു.
സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചാൽ അടിയന്തിര ഘട്ടത്തിൽ രോഗികളുമായി ആശുപത്രിയിൽ എത്തേണ്ട ആംബുലൻസ് പോലും കുരുക്കിൽ പെടും. ഇത് രോഗികളുടെ ജീവഹാനിക്കും സാധ്യതയുണ്ട്. എ സി റോഡ് നവീകരണത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തിൽ ഏറെയായി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ ഗതാഗത തിരക്ക് വർദ്ധിച്ചിട്ടുണ്ട്.
തകഴി റെയിൽവേ ക്രോസിൽ മേൽപ്പാലം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സംഘടനകളും നിരവധി തവണ റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു. സംസ്ഥാന പാതയിൽ വാഹന ഗതാഗതം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മേൽപ്പാലത്തിന് അനുമതി നിഷേധിക്കുന്നത്. പാത ഇരട്ടിപ്പ് കഴിഞ്ഞതോടെ ട്രെയിൻ ഗതാഗതം കൂടുകയും മിക്ക സമയങ്ങളിലും ഗേറ്റ് അടച്ചിട്ട നിലയിലുമാണ്. ഇതുമൂലം ആംബുലൻസ്, ഫയർ എൻജിൻ വാഹനം ഉൾപ്പെടെ റോഡിൽ കിടക്കാറുണ്ട്.
സ്റ്റേഷനില്‍ നിര്‍ത്താതെ രാജ്യറാണി എക്സ്പ്രസ് പോയി, പിന്നീട് റിവേഴ്‌സില്‍ വന്ന് യാത്രക്കാരെ ഇറക്കി
ഇതിനാൽ അടിയന്തിരഘട്ടം തരണം ചെയ്യാൻ കഴിയാതെ വരുന്നതായി ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. തകഴി റെയിൽവേ ക്രോസിൽ മേൽപ്പാലം സ്ഥാപിച്ച് ഗതാഗത സുഗമമാക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും മേൽപ്പാലം യാഥാർത്ഥ്യമാകുന്നതുവരെ പുതിയ കേഡർ സ്ഥാപിച്ച് ക്രോസിംഗ് റോഡിലെ കുഴികൾ അടച്ചു തരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
