ഇപ്പോള്‍ ഒരുവശം ചേര്‍ന്നു മാത്രമേ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്നുള്ളൂ.

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഗതാഗത കുരുക്ക്. കെഎസ്ആര്‍ടിസി ബസ്സും സമീപത്തായി ഒരു ലോറിയും തകരാറിലായി കുടുങ്ങിയതോടെയാണ് ഗതാഗത കുരുക്കുണ്ടായത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. 

രാവിലെ എട്ട് മണിക്ക് ശേഷമാണ് കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസ് ആറാം വളവില്‍ കുടുങ്ങിയത്. കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ ആക്‌സില്‍ ഒടിഞ്ഞ് കുടുങ്ങുകയായിരുന്നു. ഇതോടെ മിനിറ്റുകള്‍ കൊണ്ട് തന്നെ രണ്ടാം വളവിന് അപ്പുറത്തേക്ക് ഗതാഗതക്കുരുക്ക് നീണ്ടു. ഇപ്പോള്‍ ഒരുവശം ചേര്‍ന്നു മാത്രമേ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്നുള്ളൂ. എന്‍.ആര്‍.ഡി.എഫ്, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. ഇരു വാഹനങ്ങളും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം