കുട്ടികൾ താമര ചിഹ്നം പതിപ്പിച്ച പ്ലക്കാർഡുകളുമായി നിൽക്കുന്ന ഫോട്ടോ  പ്രാദേശിക ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദത്തിനിടയാക്കിയത്.

കോഴിക്കോട്: എഴുപതാം റിപ്പബ്ലിക് ദിന റാലിയിൽ ബിജെപി തെരഞ്ഞെടുപ്പ് ചി​ഹ്നമായ താമര പതിപ്പിച്ച പ്ലക്കാർഡുകൾ കുട്ടികളെക്കൊണ്ട് പിടിപ്പിച്ച സംഭവത്തിൽ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. താമരശ്ശേരിക്കടുത്തുള്ള തേറ്റാമ്പുറം അംഗൻവാടിയിലെ ടീച്ചർ ജയലളിതയെയും ഹെൽപറായ കൈരളിയെയുമാണ് സാമൂഹിക ക്ഷേമവകുപ്പ് അന്വേഷണ വിധേയമായി പുറത്താക്കിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അംഗൻവാടി താല്‍ക്കാലികമായി അടച്ചിട്ടു.

കൊടുവള്ളി ബ്ലോക്ക് ശിശു-വികസന പദ്ധതി ഓഫീസര്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തിന് അയച്ച കത്തിലാണ് ജീവനക്കാരെ പുറത്താക്കിയുള്ള വിവരം അറിയിച്ചത്. ബന്ധുവി​​ന്റെ മരണത്തെ തുടര്‍ന്ന് ജയലളിത റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയര്‍ത്തിയശേഷം ഇവിടെനിന്ന് പോയിരുന്നു. ശേഷം രക്ഷിതാക്കളും നാട്ടുകാരും സംയുക്തമായി നടത്തിയ റാലിയിലാണ് കുട്ടികളെ കൊണ്ട് താമര ചിഹ്നമുള്ള പ്ലക്കാർഡുകൾ പിടിപ്പിച്ചത്.

കുട്ടികൾ താമര ചിഹ്നം പതിപ്പിച്ച പ്ലക്കാർഡുകളുമായി നിൽക്കുന്ന ഫോട്ടോ പ്രാദേശിക ബിജെപി നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദത്തിനിടയാക്കിയത്. അതേസമയം സംഭവം ചോദ്യം ചെയ്തു കൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. പിന്നീട് പ്രതിരോധിക്കാൻ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. അംഗൻവാടിയിൽ സിഡിപിഒ സുബൈദയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു.