രണ്ടു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം പണിയുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെയാണ്

തങ്കമണി: ഇടുക്കി തങ്കമണിയിലെ പൊലീസ് സ്റ്റേഷൻറെ നിർമ്മാണം തുടങ്ങി മൂന്ന് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം മൂലം പണികൾ ഇഴഞ്ഞു നീങ്ങുകയാണ്. അസൗകര്യങ്ങൾ നിറഞ്ഞ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷനിപ്പോൾ പ്രവർത്തിക്കുന്നത്. 2014 ലാണ് തങ്കമണിയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. പഴയ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. വിഷയം ആരെങ്കിലും ചർച്ചയാവുമ്പോൾ പണി വീണ്ടും തുടങ്ങും കുറച്ച് ദിവസം കഴിയുമ്പോ വീണ്ടും പണി നിൽക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് മാണി ആരോപിക്കുന്നത്. 

രണ്ടു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം പണിയുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെ. പൊലീസ് വാഹനങ്ങളും കേസുകളിൽ പെട്ട് പിടികൂടുന്ന വാഹനങ്ങളും പാർക്കു ചെയ്യുന്നത്, റോഡരുകിലാണ്. ഇതൊക്കെ പരിഗണിച്ച് സ്റ്റേഷന് കെട്ടിടം പണിയാൻ 2020 ൽ അൻപത് സെൻറ് സ്ഥലം പഞ്ചായത്ത് വിട്ടു നൽകി. രണ്ടു കോടി എഴുപത് ലക്ഷം രൂപ അനുവദിച്ച് 2022 ൽ പണി തുടങ്ങി. മൂന്ന് നിലകളിലായി 8200 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടമാണ് പണിതത്. കെട്ടിടം പണി പൂർത്തിയാക്കി പെയിൻറിംഗും നടത്തി. ഉള്ളിൽ വിശാലമായ സൗകര്യങ്ങളും ഒരുക്കി. 

എസ്എച്ച്ഒ യ്ക്കും എസ് മാർക്കും പ്രത്യേക മുറികളും കോൺഫറൻസ് ഹാളും ലോക്കപ്പും റെക്കോർഡ് റൂമും മെസ് ഹാളുമൊക്കെയുണ്ട്. വെള്ളത്തിന് വേണ്ടി കിണർ കുഴിക്കാനും വൈദ്യുതിയെത്തിക്കാനും കഴിഞ്ഞിട്ടില്ല. കെട്ടിടത്തിനു പുറകിൽ സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടാകും. വാഹനങ്ങൾ സൂക്ഷിക്കാനുള്ള ഷെഡും നിർമ്മിക്കണം. ഇതിനൊക്കെയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. ഇതാണ് പണി ഇഴഞ്ഞു നീങ്ങാൻ കാരണം. പണികൾ പൂർത്തിയാക്കി വേഗത്തിൽ പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ കോടികൾ ചെലവാക്കിയ ഈ കെട്ടിടവും കാട് കയറി നശിക്കും.