തിരുവനന്തപുരം: ക്യാംപസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് സമരക്കാരെത്തിയപ്പോള്‍, സമരക്കാര്‍ക്ക് നേരെ കുരച്ച് ചാടിയ നായയുടെ ചിത്രം പങ്ക് വച്ച് ജനമൈത്രി പൊലീസ്. നായ സമരക്കാരെ ഓടിക്കുന്ന ചിത്രം ഇന്നത്തെ പത്രങ്ങളില്‍ അച്ചടിച്ച് വന്നതിന് പുറകേയാണ് ജനമൈത്രി പൊലീസ് നായയുടെ ചിത്രം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. " #നന്ദി #ഉള്ള #നായ്, പൊലീസുകാരുടെ ചോറുണ്ട് വളര്‍ന്ന തെരുവ് നായ് പൊലീസുകാരെ സമരക്കാര്‍ കല്ലെറിയുന്നത് എതിര്‍ത്തപ്പോള്‍" എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ചിത്രത്തിനടിയില്‍ രസകരമായ കമന്‍റുകളും രൂക്ഷമായ വിമര്‍ശനങ്ങളുമായി ജനങ്ങളുമുണ്ട്. നായയ്ക്ക് നന്ദിയുണ്ടാകും കാരണം അത് മൃഗമാണ്. എന്നാല്‍ പൊലീസ് ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങി വീട്ടില്‍ കിടന്നുറങ്ങുന്നവരെ വരെ ഉരുട്ടിക്കൊല്ലുകയാണെന്നും വിമര്‍ശനമുണ്ട്.  അതോടൊപ്പം ചിത്രത്തിലെ നായ കന്‍റോൺമെന്‍റ് സ്റ്റേഷൻ കോമ്പൗണ്ടിലെ അന്തേവാസിയാണെന്നും യൂണിഫേമില്ലാത്തവരെ നോക്കിവയ്ക്കുന്ന ഇവന്‍ പൊലീസുകാരുടെ സ്വന്തം കറുമ്പനാണെന്നും കമന്‍റുണ്ട്. ഇടക്ക് വെച്ച് വണ്ടി തട്ടി ചെറിയൊരു പരിക്ക് പറ്റിയപ്പോള്‍ പൊലീസുകാർ തന്നെയാണ് മുറിവ് ക്ലീൻ ചെയ്ത് മരുന്ന് വെച്ച് കെട്ടികൊടുത്ത്. ആ സ്നേഹം അവന്‍ തിരിച്ച് കാണിക്കുന്നതാണെന്നും അവൻ മനുഷ്യൻ അല്ലലോ, നായയല്ലേ എന്നും കമന്‍റുകളുണ്ട്.