പ്രദീപിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. തലയിലെ മുറിവ് ഗുരുതരമാണ്. മാറിലും, കൈകളിലും, വയറിലും മുറിവുണ്ട്. വയറിലെ മുറിവ് ആഴത്തിൽ ഉള്ളതെന്നും ഡോക്ടർമാർ.
ഇടുക്കി: ഇടുക്കി (Idukki) മൂലമറ്റം വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇടുക്കി സ്വദേശി പ്രദീപ് കുമാറിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി കോലഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. പ്രദീപ് വെന്റിലേറ്ററിൽ ഐസിയുവിലാണുള്ളത്. ശസ്ത്രക്രിയയിലൂടെ ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട നീക്കം ചെയ്തു. നാടൻ തോക്കിൽ നിന്നുള്ള ചെറിയ വെടിയുണ്ടകളാണ് ശരീരത്തിലുള്ളത്. കൂടുതൽ വെടിയുണ്ടകൾ ഉണ്ടോയെന്ന് പരിശേോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി
പ്രദീപിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. തലയിലെ മുറിവ് ഗുരുതരമാണ്. മാറിലും, കൈകളിലും, വയറിലും മുറിവുണ്ട്. വയറിലെ മുറിവ് ആഴത്തിൽ ഉള്ളത്. വെടിയുണ്ട കരളിൽ എത്തിയെന്നും 24 മണിക്കൂറിന് ശേഷമേ പുരോഗതിയെ പറ്റി പറയാൻ ആകൂ എന്നും ഡോക്ടർമാർ പറയുന്നു. കരളിലെ വെടി ഉണ്ട നീക്കം ചെയ്യുക ദുഷ്കരമാണ്. രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. ന്യൂറോ ഡോക്ടർമാർ രോഗിയെ നിരീക്ഷിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തട്ടുകടയിലുണ്ടായ തര്‍ക്കമാണ് മൂലമറ്റത്തെ വെടിവെപ്പില്‍ കലാശിച്ചതും ഒരാളുടെ ജീവനെടുത്തതും. കീരിത്തോട് സ്വദേശി സനൽ സാബു ആണ് അക്രമത്തില്‍ വെടിയേറ്റ് മരിച്ചത്. വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് മോഷ്ടിച്ച നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മരിച്ച കീരിത്തോട് സ്വദേശി സനലിന്റെ മൃതദേഹം അല്പസമയത്തിനകം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഭക്ഷണത്തെ ചൊല്ലിയാണ് ഫിലിപ്പ് മാർട്ടിൻ പ്രശ്നം ഉണ്ടാക്കിയതെന്ന് കടയുടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടക്ക് നേരെ ആദ്യം വെടിയുതിർത്തു. പിന്നീട് ഇവിടെ നിന്ന് 200 മീറ്റർ മാറി ഉണ്ടായ വെടിവെപ്പിലാണ് ഒരാൾ മരിച്ചതും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതും.
വെടിയുതിര്‍ത്ത ഫിലിപ്പ് മാർട്ടിനും സുഹൃത്തും കടയിലെത്തി ബഹളമുണ്ടാക്കിയെന്നും ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ പ്രകോപിതനായെന്നും തട്ടുകട ഉടമ സൗമ്യ പറഞ്ഞു. 'രാത്രി പത്തരയോടെ ബീഫ് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ കടയിലെത്തുന്നത്. എന്നാല്‍ ഇത് തീര്‍ന്നെന്ന് അറിയിച്ചതോടെ ഇയാള്‍ ബഹളമുണ്ടാക്കി. ഇത് കടയില്‍ പാഴ്സല്‍ വാങ്ങാനെത്തിയ യുവാക്കള്‍ ചോദ്യംചെയ്തു. മാര്‍ട്ടിന്‍ പിന്നാലെ വീട്ടില്‍ പോയി തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തോക്കുമായെത്തി തെറിവിളിയായിരുന്നു. വണ്ടി കുറെ തവണ കറക്കി. വെടിവെച്ചു. കടയിൽ നിന്ന് 200 മീറ്റർ മാറിയാണ് വെടിവെപ്പ് നടന്നത്. ഒരാള്‍ കൊല്ലപ്പെട്ട വിവരം പിന്നീടാണ് അറിയുന്നതെന്നും സൗമ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, വെടിവെപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി ഇടുക്കി എസ്.പി കറുപ്പ് സ്വാമി അറിയിച്ചു. തോക്കിൻ്റെ ഉറവിടം അറിയാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്.പി പറഞ്ഞു. കേസിൽ നിലവിൽ ഒരാൾ മാത്രമാണ് പ്രതി. കൂടുതൽ പേരെ ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
