പത്തനംതിട്ട സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ കുത്തിക്കൊല്ലുകയായിരുന്നു.
പത്തനംതിട്ട: ഓമല്ലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഐമാലി ലക്ഷം വീട് കോളനി കോയിപ്പുറത്ത് മഹേഷ് ആണ് മരിച്ചത്. സംഭവമായി ബന്ധപ്പെട്ട് സാംകുട്ടി എന്നയാൾ പൊലീസിൽ കീഴടങ്ങി. ഉച്ചക്ക് 12.40 നാണ് സംഭവം. ഊപ്പമൺ ജംങ്ങ്ഷനിൽ വെച്ച് ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് മഹേഷിനെ കുത്തിയത്. ഉടൻ തന്നെ നാട്ടുകാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൊലപാതക സംഘത്തിലുണ്ടായിരുന്ന സാംകുട്ടി എന്നയാൾ പിന്നീട് പോലീസില്‍ കീഴങ്ങി. കൂട്ടുപ്രതി സാബുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്റ്റേഡിയത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു മഹേഷ്. പ്രതികൾക്ക് നേരത്തെ മഹേഷുമായി തർക്കം ഉണ്ടായിരുന്നു.
ഇന്ന് രാവിലെയും വാക്കേറ്റ മുണ്ടായതായി നാട്ടുകാർ പറഞ്ഞു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. പത്തനംതിട്ട ഡി.വൈ.എസ്.പി.ഷെഫീക്കിന്‍റെ നേതൃത്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മഹേഷിന്‍റെ മൃതശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
