ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ സര്‍വ്വകലാശാലയില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട അഖിലെന്ന വിദ്യാര്‍ത്ഥി മാപ്പെഴുതി നല്‍കിയാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. 

കാസര്‍കോട്: ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ സര്‍വ്വകലാശാലയില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട അഖിലെന്ന വിദ്യാര്‍ത്ഥി മാപ്പെഴുതി നല്‍കിയാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം 5 മണിക്കകം മാപ്പ് എഴുതി നൽകണമെന്നാണ് ആവശ്യം. പുറത്താക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ സമരം തുടരുമെന്ന് വിദ്യാർത്ഥികളുമറിയിച്ചു. 

സര്‍വ്വകലാശാല അധികൃതർ, വിദ്യാർത്ഥി പ്രതിനിധികൾ, ജില്ലാ പോലീസ് മേധാവി, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. അപകീർത്തിപരമായ പരാമർശം നടത്തിയ വിദ്യാർത്ഥി മാപ്പ് അപേക്ഷ നൽകണമെന്നാണ് യോഗ തീരുമാനം. വിദ്യാർത്ഥിയെ തിരിച്ചെടുക്കുന്നതും ക്യാംപസ് തുറക്കുന്നതും സര്‍വ്വകലാശാലയുടെ അധികാരി എന്ന നിലയില്‍ അന്തിമ തീരുമാനമെടുക്കാൻ വിസിയെ യോഗം ചുമതലപ്പെടുത്തി.

 സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിനെ തുടര്‍ന്ന് നിരവധി സമരങ്ങള്‍ക്കാണ് കേന്ദ്ര സര്‍വ്വകലാശാല സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം അഖില്‍ ആത്മഹത്യ ശ്രമം നടത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍‌ത്ഥികള്‍ സര്‍വ്വകലാശാലയില്‍ സമരം ആരംഭിച്ചിരുന്നു. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന വിദ്യാർത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സർവ്വകാലാശാലയെയും വൈസ് ചാൻസിലറെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന് കാട്ടിയാണ് അഖിലിനെ സസ്പെൻഡ് ചെയ്തത്. ക്യാമ്പസിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവുമിറക്കിയിരുന്നു. സെപ്തംബറിൽ ഇറക്കിയ ഉത്തരവ് കഴിഞ്ഞ ദിവസമാണ് കൈമാറിയത്. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.