ആലപ്പുഴ: പൊളിച്ച പാലത്തിന്റെ നിർമാണം രണ്ട് മാസം കഴിഞ്ഞിട്ടും ആരംഭിക്കാത്തതിനെ തുടര്‍ന്ന് യാത്രാ ദുരിതത്തിൽ നാട്ടുകാർ. പുറക്കാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് പനയന്നാർക്കാവ് ക്ഷേത്രത്തിന് കിഴക്ക് പനയന്നാർക്കാവ് തോടിന് കുറുകെയുണ്ടായിരുന്ന പാലമാണ് പൊളിച്ചത്. സെപ്തംബർ 25 നാണ് പുനർ നിർമാണത്തിനായി പാലം പൊളിച്ചത്. 

പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. പാലത്തിന് കിഴക്കുവശം അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ ആമയിട പ്രദേശമാണ്. പാലം പൊളിച്ചതോടെ ഇരുകരയിലുമുള്ള ആളുകൾ യാത്രാ ദുരിതത്തിൽ വലയുകയാണ്. ഇപ്പോൾ തോടിനു കുറുകെ ഗ്രാവൽ നിരത്തി താൽക്കാലികമായി നിർമിച്ച നടപ്പാതയാണ് യാത്രക്കായി ഉപയോഗിക്കുന്നത്. 

ഇതിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ സഞ്ചരിക്കാൻ കഴിയില്ല. പാലം പൊളിച്ച സാധനങ്ങൾ തോടിനരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. കരാറുകാരൻ പാലം പൊളിച്ച ശേഷം ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തിരമായി പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.