കാലവര്‍ഷത്തില്‍ ജില്ലയില്‍ 278 സ്ഥലത്ത് ഉരുള്‍പൊട്ടലും 1800 ലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. കാലവര്‍ഷകെടുതി സംബന്ധിച്ച അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടുക്കി: കാലവര്‍ഷത്തില്‍ ജില്ലയില്‍ 278 സ്ഥലത്ത് ഉരുള്‍പൊട്ടലും 1800 ലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. കാലവര്‍ഷകെടുതി സംബന്ധിച്ച അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19 ഉരുള്‍പൊട്ടലിലായി 46 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ 56 പേരാണ് മരിച്ചത്. ഏഴുപേരെ കാണാതായിട്ടുണ്ട്. 56 പേര്‍ക്ക് പരുക്കേറ്റു. 1200 ഓളം വീടുകള്‍ കാലവര്‍ഷത്തില്‍ പൂര്‍ണമായും നശിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ചത് 2266 വീടുകള്‍ക്കാണ്. ഈ ഗണത്തില്‍ 46.40 കോടിരൂപയുടെ നാശ നഷ്ടമാണ് പ്രാരംഭമായി കണക്കാക്കിയിരിക്കുന്നത്.

ഇടുക്കി താലൂക്കില്‍ 564 ഉം ദേവികുളത്ത് 131 ഉം ഉടുമ്പന്‍ചോലയില്‍ 210 ഉം പീരുമേട് 248 ഉം തൊടുപുഴയില്‍ 47 ഉം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്നത് ഇടുക്കിതാലൂക്കില്‍ 232 ഉം ദേവികുളത്ത് 753 ഉം ഉടുമ്പന്‍ചോലയില്‍ 700 ഉം പീരുമേട് 250 ഉം തൊടുപുഴയില്‍ 331 ഉം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.കാര്‍ഷികമേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 11339.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 61.64 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെ നിരവധി കര്‍ഷകരുടെഭൂമി വീണ്ടും കൃഷിചെയ്യാനാകാത്ത വിധത്തില്‍ വന്‍തോതില്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.

11 സ്‌കൂളുകള്‍ക്കും 11 അംഗന്‍വാടികള്‍ക്കും നാശനഷ്ടം ഉണ്ടായി. ആനവിരട്ടി എല്‍.പി സ്‌കൂള്‍, വിജ്ഞാനം എല്‍.പി സ്‌കൂള്‍ മുക്കുടം എന്നിവ പൂര്‍ണമായും തകര്‍ന്നു. ദേശീയ പാതയില്‍ 148 കിലോമീറ്റര്‍ റോഡിനും പൊതുമരാമത്ത് വകുപ്പിന്‍റെ 1145.78 റോഡുകള്‍ക്കും പഞ്ചായത്തിന്‍റെ 865.93 കിലോമീറ്റര്‍ റോഡിനും നാശനഷ്ടമുണ്ടായി. പ്രകൃതിക്ഷോഭത്തില്‍ 13 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 1500 പേര്‍ക്കുള്ള വൈദ്യതി ബന്ധം പുനസ്ഥാപിക്കണം. കുത്തുങ്കല്‍, സേനാപതി സബ്‌സ്റ്റേഷനുകളുടെ നന്നാക്കല്‍ പുരോഗമിക്കുകയാണ്.