ഭർതൃപിതാവ് സെബാസ്റ്റ്യൻ സംഭവ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു.
കൊച്ചി: മകന്‍റെ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് എറണാകുളം വടക്കൻ പറവൂരിൽ കൊലപാതകവും ആത്മഹത്യയും നടന്നത്. രാവിലെ പതിനൊന്നുമണിയോടെയാണ് കൊലപാതകം നടന്നത്. കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ എന്ന അറുപത്തിനാലുകാരനാണ് മകൻ സിനോജിന്‍റെ ഭാര്യ ഷാനുവിനെ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചത്.
ഷാനുവും ഭര്‍ത്താവിന്‍റെ അച്ഛനും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലാണ്. ആറുമാസം മുമ്പ് തര്‍ക്കം രൂക്ഷമാവുകയും ഇവരുവരും പരസ്പ്പരം സംസാരിക്കാത്ത നിലയിലുമൊത്തി. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നിസാര കാര്യങ്ങളില്‍ തുടങ്ങുന്ന അഭിപ്രായ വ്യത്യാസമാണ് പിന്നീട് വലിയ തര്‍ക്കങ്ങളിലേക്ക് മാറിയിരുന്നത്. ഫാക്ടിലെ കരാർ ജീവനക്കാരനായ സിനോജ് രാവിലെ ജോലിക്കുപോയ ശേഷമാണ് കൊലപാതകം നടന്നത്. ഇന്നും വീട്ടില്‍ തര്‍ക്കമുണ്ടായി. പിന്നാലെ സെബാസ്റ്റ്യൻ ഷാനുവിന്‍റെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
കൊലപാതക സമയത്ത് സെബാസ്റ്റ്യന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. അച്ഛനുമായി അഭിപ്രായ വ്യത്യാസത്തിലുള്ള സിനോജിന്‍റെ സഹോദരൻ ഈ വീട്ടിലല്ല താമസം. അടുത്ത ആഴ്ച്ചയോടെ ഈ വീട്ടില്‍ നിന്ന് താമസം മാറാനുള്ള തീരുമാനത്തിലായിരുന്നു സിനോജും ഭാര്യ ഷാനുവും. ഇതിനിടയിലായാണ് കൊലപാതകം. ഇവര്‍ക്ക് അഞ്ചുവയസുള്ള ഇരട്ടക്കുട്ടികളുമുണ്ട്.
ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ഭർത്താവിന്റെ ശ്രമം
എറണാകുളം കളമശേരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. കഴിഞ്ഞ ദിവസമാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെ റോഡില്‍ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് ആസ്ലിൻ ഭാര്യ നീനുവിന്‍റെ കഴുത്തറുത്തത്. അക്രമത്തിന് ശേഷം ആസ്ലിൻ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കളമശേരിക്കും ഇടപ്പള്ളിക്കും ഇടയില്‍ എ കെ ജി റോഡില്‍ വെച്ചാണ് ഇയാൾ ഭാര്യ നീനുവിനെ ആക്രമിച്ചത്. സ്വകാര്യ സ്ഥാനത്തിലെ ജീവനക്കാരിയായിരുന്നു നീനു. സ്പോര്‍ട്സ് പരിശീലകരായിരുന്ന ആസ്ലിനും നീനുവും പ്രണയിച്ച് വിവാഹിതരായവരാണ്. ഗുരുതരമായി പരിക്കേറ്റ നീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. നീനു ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
