തിരുവനന്തപുരം: വൻകിട സ്വകാര്യ ആശുപത്രികൾ മാത്രം കുത്തകയാക്കിയിരുന്ന ത്രീ ഡി ലാപ്രോസ് കോപ്പിക്  മെഷീൻ വഴിയുള്ള ശസ്ത്രക്രിയ സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ആരംഭിച്ചു. 

വളരെ സൂക്ഷ്മമായ ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ മാത്രമല്ല ഡോക്ടർമാരുടെ കൈപ്പാടുകളുടെ ചിത്രം പോലും വ്യക്തമായി ഒപ്പിയെടുക്കാൻ ത്രീ ഡി ലാപ്രോസ് കോപ്പിക്  മെഷീനു കഴിയും.  ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാർക്ക്  ഏറെ പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം.  വലിയ മുറിവുകൾ ഒഴിവാക്കി കുറഞ്ഞ സമയത്തിനുള്ളിൽ ശസ്ത്രക്രിയ സാധ്യമായതിനാൽ  തൊട്ടടുത്ത ദിവസം ആശുപത്രി വിടാമെന്നുള്ളതാണ് രോഗിയ്ക്കുള്ള പ്രയോജനങ്ങളിലൊന്ന്. 

സ്വകാര്യ ആശുപത്രികൾ നാലു ലക്ഷം രൂപ വരെ ഈടാക്കുന്ന ശസ്ത്രക്രിയകളാണ് എസ്എടി യിലെ പുതിയ മെഷീനിൽ സാധാരണക്കാരായ രോഗികൾക്ക് സാധ്യമാകുന്നത്.  ഫൈബ്രോയ്ഡിൻ്റെയും കാൻസറിൻ്റെയും ഗർഭപാത്രം നീക്കം ചെയ്യുന്നതിൻ്റെയുമെല്ലാം ശസ്ത്രക്രിയകൾ നടത്തുമ്പോൾ ടു ഡി ലാപ്രോസ്കോപിക് മെഷീനേക്കാൾ രക്തധമനികളുടേതടക്കം വ്യക്തവും ആഴത്തിലുള്ളതുമായ ചിത്രങ്ങൾ ലഭ്യമാക്കാൻ പുതിയ മെഷീനിലെ ക്യാമറാക്കണ്ണുകൾക്കാവും. അതു കൊണ്ടു തന്നെ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാതെ  കൂടുതൽ സുരക്ഷിതമായി ശസ്ത്രക്രിയ നടത്താൻ കഴിയും. 

പരമാവധി ഒന്നര മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കാനുമാവും. രക്ത നഷ്ടവും ഒഴിവാക്കാം. ചിത്രങ്ങൾ വ്യക്തമല്ലെങ്കിൽ ശസ്ത്രക്രിയാ വേളയിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. സാധാരണക്കാരായ രോഗികൾക്ക് ഇതുവരെ അപ്രാപ്യമായിരുന്ന ചികിത്സ ലഭ്യമാക്കാൻ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ എസ്എ ടിയിൽ മെഷീൻ സ്ഥാപിച്ചത്. 

മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും ജോയിൻ്റ് ഡിഎംഇ യുമായ ഡോ. തോമസ് മാത്യു, എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, മുൻ ഗൈനക്കോളജി വിഭാഗം മേധാവി ഡോ സി നിർമ്മല എന്നിവർ പുതിയ ത്രീ ഡി ലാപ്രോസ്കോപിക് മെഷീനായി ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറെ സമീപിച്ചപ്പോൾ അനുഭാവപൂർവമായ സമീപനം സ്വീകരിക്കുകയും അധികം വൈകാതെ ലഭ്യമാക്കുകയും ചെയ്തു. 

എന്നാൽ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ തീയറ്ററുകൾ അടക്കം കൊവിഡ് രോഗികൾക്കായി മാറ്റി വയ്ക്കേണ്ടി വന്നപ്പോൾ പുതിയ മെഷീൻ വഴിയുള്ള ചികിത്സ നീണ്ടുപോകുകയായിരുന്നു. രോഗികളുടെ എണ്ണത്തിൽ കുറവു വന്നതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, എസ്എടി സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ നന്ദിനി എന്നിവർ ഇടപെട്ട് മെഷീൻ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിച്ചു. 

ഇക്കഴിഞ്ഞ ബുധനാഴ്ച പുതിയ മെഷീൻ ഉപയോഗിച്ചുള്ള ആദ്യത്തെ ശസ്ത്രക്രിയ നടന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന 57 കാരിയ്ക്ക് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടന്നത്.  ലാപ്രോസ്കോപ്പി വിഭാഗത്തിൻ്റെ ചുമതലയുള്ള  ഡോ. ജയശ്രീ വി  വാമൻ്റെ നേതൃത്വത്തിലാണ് ആദ്യ ശസ്ത്രക്രിയ നടത്തിയത്. 

ഡോ. ജയശ്രീ അഡ്വാൻസ്ഡ് ലാപ്രോസ്കോപ്പിക് സർജറി, ലാപ്രോസ്കോപ്പിക് ഓങ്കോസർജറി എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്. ഡോ. ഡോ ശിൽപ നായർ, ഡോ മായാദേവി ബ്രഹ്മാനന്ദൻ, ഡോ പ്രിയദർശിനി, ഡോ ലക്ഷ്മി പ്രദീപ് എന്നിവരും അനസ്തേഷ്യാ വിഭാഗത്തിൽ നിന്ന് അസോസിയേറ്റ് പ്രൊഫസർ ഡോ ജയകുമാർ, ജൂനിയർ റസിഡൻ്റ് ഡോ അഞ്ജു, ഹെഡ് നഴ്‌സുമാരായ ഷമീല, ടെസ്ബി ആശ (സ്‌ക്രബ് നഴ്‌സ്) എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.