കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചില്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം.  ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലുമായിരുന്നു കുട്ടിയെ എത്തിച്ചത്. 

കോഴിക്കോട്: വടകര (Vatakara) കൊളാവിപാലം (Kolavipadam beach) കടലോരത്ത് തിരമാലയില്‍പ്പെട്ട് (Wave) പരിക്കേറ്റ ബാലിക (Girl) മരിച്ചു. മണിയൂര്‍ മുതുവന കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ (Sanomiya-11) ആണ് മരിച്ചത്. കടല്‍ തീരത്ത് അമ്മയോടൊപ്പം നില്‍ക്കുമ്പോള്‍ അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്‍പ്പെടുകയുമായിരുന്നു. സമീപത്ത് ഇത്തിള്‍വാരുന്നവര്‍ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രി വൈകി മരിച്ചു. 

കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചില്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം. ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലുമായിരുന്നു കുട്ടിയെ എത്തിച്ചത്. അനുജന്റെ ജന്മദിനാഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം കൊളാവി കടലോരത്ത് എത്തിയതായിരിന്നു സനോമിയ. പിതാവ് റിജു ലോറി ഡ്രൈവറാണ്. സ്മിജ മാതാവും സിയോണ്‍ സഹോദരനുമാണ്. 

കടലും പുഴയും സംഗമിക്കുന്ന കൊളാവിത്തീരത്ത് ദിവസവും നിരവധി പേരാണ് എത്തുന്നത്. കണ്ടല്‍കാടുകളാല്‍ സമൃദ്ധമായ ഇവിടെ കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ സഞ്ചാരികളുടെ തിരക്കാണ്. എന്നാല്‍ കാര്യമായ സുരക്ഷ നിര്‍ദേശങ്ങളൊന്നും നല്‍കാന്‍ സംവിധാനമില്ലാത്തതിനാല്‍ കടലില്‍ അപകടത്തില്‍പ്പെടുന്നവരുമുണ്ട്. മതിയായ സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.