കേസുണ്ടെന്നറിയാതെ ഭൂമി വാങ്ങി; കോടതി വിധി നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം
2023 ജൂലൈയിലാണ് താമസക്കാരെ ഒഴിപ്പിച്ച് ഭൂമി പരാതിക്കാരിക്ക് കൈമാറണമെന്ന ജില്ലാ മുൻസിഫ് കോടതി ഉത്തരവിടുന്നത്. ഇതിനെതിരെ സബൂറ ഹൈകോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.

ആലപ്പുഴ: കോടതി വിധി നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും മുന്നിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം. ഇരവുകാട് കൊമ്പത്താംപറമ്പ് റസീന മൻസിലിൽ സബൂറ ഹബീബാണ് (65) മണ്ണെണ്ണക്കുപ്പി കൈയിലെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയത്. ഉടൻതന്നെ സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് കുപ്പി പിടിച്ച് വാങ്ങിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞദിസം വൈകിട്ടായിരുന്നു സംഭവം.
23 വർഷമായി കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിധി നടപ്പാക്കാനാണ് പൊലീസ് സംരക്ഷണയിൽ ആമീൻ എത്തിയത്. വാടയ്ക്കൽ കൊമ്പത്താംപറമ്പ് വീട്ടിൽ ചാക്കോ ജോസഫും തിരുവമ്പാടി സ്വദേശിനിയും തമ്മിൽ പണമിടപാട് സംബന്ധിച്ച കേസ് 2001 മുതൽ ആലപ്പുഴ മുൻസിഫ് കോടതിയിൽ നടന്നുവരികയാണ്. ഇരവുകാട് വാർഡിൽ ചാക്കോയുടെ പേരിലുള്ള വസ്തു തനിക്ക് വിൽക്കാമെന്ന് വാക്ക് നൽകി 50,000 രൂപ അഡ്വാൻസ് വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.
തുടർന്ന് കോടതി ഈ സ്ഥലം അറ്റാച്ച്മെന്റ് ചെയ്തിരുന്നു. കേസ് നിലനിൽക്കുന്ന വേളയിൽ 2009ൽ ചാക്കോ ഈ വസ്തു ഹബീബ് -സബൂറ ദമ്പതികൾക്ക് മൂന്ന് ലക്ഷം രൂപക്ക് വിറ്റു. ഭൂമി വാങ്ങുന്ന വേളയിൽ കേസുണ്ടെന്ന വിവരം അറിയില്ലായിരുന്നുവെന്നും അതിനാലാണ് അവിടെ പഴയ വീട് പൊളിച്ച് പുതിയത് നിർമിച്ചതെന്നും സബൂറ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ചാക്കോ മരിച്ചു. 2017ൽ വസ്തുവും കെട്ടിടവും കോടതി ലേലത്തിൽ വെച്ചു.
പരാതിക്കാരിയായ തിരുവമ്പാടി സ്വദേശിനിതന്നെ ഭൂമി ലേലത്തിൽ പിടിച്ചു. ഇതോടെ താമസക്കാരെ ഒഴിപ്പിച്ച് തരണമെന്നാവശ്യപ്പെട്ട് ഇവർ വീണ്ടും കോടതിയെ സമീപിച്ചു. 2023 ജൂലൈയിലാണ് താമസക്കാരെ ഒഴിപ്പിച്ച് ഭൂമി പരാതിക്കാരിക്ക് കൈമാറണമെന്ന ജില്ലാ മുൻസിഫ് കോടതി ഉത്തരവിടുന്നത്. ഇതിനെതിരെ സബൂറ ഹൈകോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.