Asianet News MalayalamAsianet News Malayalam

ആദിവാസി കുടുംബത്തിന് വീട് ലഭിച്ചില്ലെന്ന വാര്‍ത്തയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യവകാശ കമ്മീഷൻ

വാളാട് പേര്യ കാലിമന്നം ആദിവാസി കോളനിയിലെ തകരപ്പാടി രാമകൃഷ്ണനും കുടുംബത്തിനും പത്ത് വര്‍ഷമായിട്ടും വീട് ലഭിച്ചില്ലെന്ന കാര്യം  കഴിഞ്ഞ ദിവസമാണ് 'ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തത്. 

The Human Rights Commission has ordered an inquiry into the news that a tribal family could not get a house
Author
Kalpetta, First Published Apr 13, 2021, 10:41 AM IST

കല്‍പ്പറ്റ: പത്ത് വര്‍ഷമായി വീടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ആദിവാസി കുടുംബത്തെ കുറിച്ചുള്ള വാര്‍ത്തയില്‍ ഇടപ്പെട്ട് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍. വാളാട് പേര്യ കാലിമന്നം ആദിവാസി കോളനിയിലെ തകരപ്പാടി രാമകൃഷ്ണനും കുടുംബത്തിനും പത്ത് വര്‍ഷമായിട്ടും വീട് ലഭിച്ചില്ലെന്ന കാര്യം  കഴിഞ്ഞ ദിവസമാണ് 'ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യവകാശ കമ്മീഷനംഗം കെ. ബൈജുനാഥ് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. 

സ്വമേധയാ കേസെടുത്ത കമ്മീഷന്‍ സംഭവത്തില്‍ കല്‍പ്പറ്റ പട്ടികവര്‍ഗ്ഗ വികസന ഓഫീസറോടും തവിഞ്ഞാല്‍ പഞ്ചായത്ത് സെക്രട്ടറിയോടും നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാമകൃഷ്ണനും കുടുംബവും നേരിട്ട മനുഷ്യവകാശ ലംഘനം അന്വേഷിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനി വരുന്ന സിറ്റിങില്‍ നേരിട്ട് എത്തണമെന്നും രാമകൃഷ്ണനോടും കുടുംബത്തോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് തന്നെ ഉദ്യോഗസ്ഥരുടെ വാദവും കമ്മീഷന്‍ കേള്‍ക്കും. 

വേനല്‍മഴയും കാറ്റും പേടിച്ച് പൊളിഞ്ഞ് വീഴാറായ വീട്ടില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷെഡ് കെട്ടി രാമകൃഷ്ണനും ഭാര്യയും മകന്‍ ശ്രീജിത്തും താമസം മാറിയത്. 20 വര്‍ഷം മുമ്പാണ് പഞ്ചായത്തിന്റെ ധനസഹായത്തോടെ രാമകൃഷ്ണന്‍ ഓട് മേഞ്ഞ ചെറിയൊരു വീട് വെച്ചത്. ആകെ ലഭിച്ച 35000 രൂപക്കുള്ള വീടാണ് പണിതതെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ കാലപ്പഴക്കത്താല്‍ ഭിത്തിയും മേല്‍ക്കൂരയും ഏത് നിമിഷവും തകര്‍ന്നു വീഴുമെന്ന അവസ്ഥയാണ്. 

പുതിയ വീടിന് അപേക്ഷിക്കാന്‍ തുടങ്ങി വര്‍ഷം പത്തായിട്ടും തന്നെയും കുടുംബത്തെയും മാത്രം പ്രത്യേകിച്ച് കാരണം വ്യക്തമാക്കാതെ തഴയുകയാണൊയിരുന്നു രാമകൃഷ്ണന്റെ പരാതി. തവിഞ്ഞാല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡിലാണ് കാലിമന്നം കോളനി. പണിയ, അടിയ, കുറുമ തുടങ്ങിയ ആദിവാസി സമുദായങ്ങളെല്ലാം ഒന്നിച്ച് താമസിക്കുന്നതിനാല്‍ മാതൃക കോളനികൂടിയാണിത്.

Follow Us:
Download App:
  • android
  • ios