മൂന്നാർ: ആ അദ്ഭുതക്കുഞ്ഞിനെ ഓർമയില്ലേ? മൂന്നാർ രാജമലയിൽ ജീപ്പിൽ നിന്ന് തെറിച്ചു വീണ പിഞ്ചുകുഞ്ഞിനെ? റോഡിൽ വനംവകുപ്പിന്‍റെ ചെക്പോസ്റ്റിന് സമീപത്തേയ്ക്ക് ഇഴഞ്ഞുവന്ന കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എടുത്ത് രക്ഷിച്ചെന്നായിരുന്നു പ്രചാരണങ്ങൾ. എന്നാൽ അതല്ല സത്യമെന്ന് പുറത്തുവരികയാണ്. 

കുഞ്ഞിനെ രക്ഷിച്ചത് കനകരാജ് എന്ന ഹീറോയാണ്. മൂന്നാറിലെ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവർ. കനകരാജ് കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ, എവിടെയാണ് കനകരാജെന്ന് അന്വേഷിക്കുകയാണ് കേരളം. 

കഴിഞ്ഞ സെപ്റ്റംബർ ഒമ്പതാം തീയതിയാണ് പളനിയിൽ നിന്ന് ഇടുക്കി കമ്പിളിക്കണ്ടത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്ന് പിഞ്ചുകുഞ്ഞ് തെറിച്ച് റോഡിൽ വീണത്. രാത്രി റോഡിലൂടെ ഇഴഞ്ഞ് നീങ്ങിയ കുട്ടിയെ വനംവകുപ്പ് വാച്ചർ‍മാർ കണ്ടെത്തി രക്ഷപ്പെടുത്തി എന്നായിരുന്നു വനംവകുപ്പിന്‍റെ വാദം.

കുട്ടിയെ രക്ഷിച്ച് പൊലീസിൽ ഏൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും വനംവകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ പൊലീസിന്‍റെ തുടരന്വേഷണത്തിലാണ് കുട്ടിയ രക്ഷിച്ചത് വനപാലകരല്ല, ഓട്ടോഡ്രൈവറായ കനകരാജാണ് എന്ന കാര്യം വ്യക്തമായത്. റോഡിലൂടെ ഇഴയുന്ന കുട്ടിയെ ആദ്യം കണ്ടത് വനപാലകരാണെങ്കിലും ഭയം നിമിത്തം എടുത്തില്ല.

ഈ സമയം അതുവഴി ഓട്ടോറിക്ഷയുമായി വന്ന കനകരാജ് കുട്ടിയെ എടുത്ത് വനപാലകരെ ഏൽപ്പിക്കുകയായിരുന്നു. പ്രേതഭയം നിമിത്തമാണ് കുട്ടിയെ എടുക്കാതിരുന്നതെന്ന് വനപാലകർ പൊലീസിനെ അറിയിച്ചു.

അടുത്ത് ചെന്നപ്പോൾ അമ്മേ എന്ന് വിളിച്ച് കുഞ്ഞ് കരഞ്ഞെന്നും തുടർന്ന് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നെന്നും കനകരാജ് പൊലീസിന് മൊഴി നൽകി. വനിത പൊലീസ് എത്തിയ കുട്ടിയ കൈമാറിയശേഷമാണ് കനകരാജ് രാത്രി വീട്ടിലേക്ക് പോയത്. മൂന്നാറിലേക്കുള്ള ഓട്ടം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്നു തമിഴ്നാട് സ്വദേശിയായ കനകരാജ്.

കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എടുത്ത കേസിൽ മാതാപിതാക്കൾക്ക് എതിരെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ചിത്രങ്ങൾ കാണാം:

റോഡിൽ വീണ കുഞ്ഞ് ഇഴഞ്ഞു വരുന്നു

കനകരാജ് വന്ന് വണ്ട് നിർത്തി കുഞ്ഞിനെ എടുക്കുന്നു