ഇപ്പോഴും ഡേ കെയറുകൾക്ക് തോന്നുംപടി സംസ്ഥാനത്തെവിടെയും പ്രവർത്തിക്കാം. ആരുമൊന്നും ചോദിക്കില്ല
കൊച്ചി: സംസ്ഥാനത്ത് ഡേ കെയറുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന സംസ്ഥാന സർക്കാരിന്‍റെ വാഗ്ദാനം വെറുംവാക്കായി. പാലാരിവട്ടത്ത് ഒന്നരവയസ്സുകാരനെ അദ്ധ്യാപിക ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന് രണ്ട് വർഷമാകാറായിട്ടും ഒന്നും എങ്ങുമെത്തിയില്ല. സർക്കാർ നിയമം കൊണ്ടുവരാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈമലർത്തുന്നു.
കൊച്ചി പാലാരിവട്ടത്ത് ഒന്നര വയസുകാരനെ സ്ഥാപനയുടമയും ടീച്ചറുമായ മിനി മാത്യു മർദ്ദിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യം നമ്മൾ കണ്ടിട്ട് വർഷം രണ്ടാകുന്നു. സംഭവം പുറത്ത് വന്നതോടെ സർക്കാർ ഇടപെടലുമുണ്ടായി.അതും നിയമസഭയിൽ തന്നെ. പക്ഷേ ഒന്നും സംഭവിച്ചില്ല. ഇപ്പോഴും ഡേ കെയറുകൾക്ക് തോന്നുംപടി സംസ്ഥാനത്തെവിടെയും പ്രവർത്തിക്കാം. ആരുമൊന്നും ചോദിക്കില്ല.
പാലാരിവട്ടത്തെ സംഭവം പുറത്ത് വന്നതോടെ കൊച്ചി നഗരസഭ ഡേ കെയറുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. പത്ത് രൂപ അപേക്ഷാ ഫോം വാങ്ങി രജിസ്റ്റർ ചെയ്തത് 200 അടുത്ത് ഡേ കെയറുകൾ. പക്ഷേ കൊച്ചി നഗരത്തിൽ ഇതിൽ കൂടുതൽ ഡേ കെയറുകൾ പ്രവർത്തിക്കുന്നതായി കോർപ്പറേഷൻ തന്നെ സമ്മതിക്കുന്നു. കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളവർക്ക് നിയമപ്രകാരമുള്ള പരിശീലനം വേണം. വിശ്രമിക്കാനും, കളിക്കാനും ആവശ്യത്തിന് സ്ഥലം വേണം. അങ്ങനെ നിബന്ധനകൾ നിരവധി. പക്ഷേ, ഇത് പാലിച്ചില്ലെങ്കിലും ഇടപെടാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് നിലവിൽ അധികാരമില്ല.
സ്വന്തം വീട്ടിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്ന പശ്ചാത്തലത്തിൽ വീടിന് പുറത്തെ ഇത്തരം പരിപാലന കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ തന്നെയാണ് മുൻകൈ എടുക്കേണ്ടത്.
