കോഴിക്കോട്: കളഞ്ഞ് കിട്ടിയ തുക ഉടമസ്ഥന് തിരികെ നൽകി മാതൃക ആയിരിക്കുകയാണ് താമരശേരി ചുണ്ടക്കുന്നുമ്മൽ സ്വദേശി സത്യൻ. കളഞ്ഞ് കിട്ടിയ 35,000 രൂപയാണ് സത്യൻ ഉടമയെ കണ്ടെത്തി തിരികെ നൽകിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് താമരശ്ശേരി തച്ചംപൊയിൽ നെരോംപാറ യു.ആർ ഗിരീഷിൻ്റെ 35000 രൂപ ബൈക്ക് യാത്രക്കിടയിൽ നഷ്ടപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും, വാട്ട്സാപ്പ് വഴി വിവരം പങ്കുവെക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽപെട്ട സത്യൻ പണം ഉടമയ്ക്ക് കൈമാറുന്നത്. 

താമരശ്ശേരി ഉല്ലാസ് നഗർ കോളനിയിലേക്കുള്ള റോഡിലൂടെ വരികയായിരുന്ന സത്യന് റോഡരികിൽ നിന്നുമാണ് റബ്ബർ ബാൻ്റിൽ കുടുക്കിയ നിലയിൽ 35000 രൂപയുടെ കെട്ട് കിട്ടിയത്. ഉടമ വരുമെന്ന് പ്രതീക്ഷിച്ച് അൽപനേരം കാത്തിരുന്നെങ്കിലും ആരും എത്തിയില്ല, തുടർന്ന് വീട്ടിൽ പോയ സത്യൻ തൻ്റെ സുഹൃത്തായ സി.കെ. നൗഷാദിനെ വിവരം അറിയിക്കുകയായിരുന്നു.

നൗഷാദാണ് വാട്ട്സാപ്പിൽ പണം നഷ്ടപ്പെട്ടയാളുടെ വിവരം സത്യനെ അറിയിച്ചത്. തുടർന്നാണ് പണം തിരികെ നൽകാനായത്. കൽപ്പണിക്കാരനായ സത്യൻ ചുങ്കത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പണം ഉടമയ്ക്ക് കൈമാറിയത്.