പഞ്ചായത്ത് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് 1,23,532 രൂപ പിഴ ചുമത്തി. വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പിന്നീട് കേസ് മലക്കം മറിഞ്ഞു. അപകടകരമാവിധം വൈദ്യുതി കണക്ഷൻ നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് ഉത്തരവ്.
കാസർകോട് : അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു എന്നപേരിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിനെതിരെ നടപടി എടുത്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വെട്ടിലായി. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു. മാത്രമല്ല അപകടകരമാവിധം വൈദ്യുതി കണക്ഷൻ നൽകിയതിന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ചിറ്റാരിക്കാല്‍ ടൗണിലെ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിലേക്ക് നൽകിയ താൽകാലിക വൈദ്യുതി കണക്ഷനാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. വിജിലന്‍സ് ആന്‍റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിലെ അസി. എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ പരിശോധനക്ക് എത്തിയിരുന്നു. നല്ലോംപുഴ വൈദ്യുതി ഓഫീസിൽ നിന്നും നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
താല്‍ക്കാലികമായി അനുവദിച്ച വൈദ്യുതി കണക്ഷനില്‍ നിന്നും, കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും വാണിജ്യാവശ്യത്തിന് വേണ്ടി വൈദ്യുതി ഉപയോഗിച്ചു എന്നതിന്‍റെ പേരിലായിരുന്നു പഞ്ചായത്തിന് 1,23,532 രൂപ പിഴ ചുമത്തിയത്. പണമടച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളില്‍ താൽക്കാലിക കണക്ഷന്‍ വിഛേദിക്കുമെന്നും അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ രേഖാമൂലം അറിയിച്ചു. എന്നാൽ പഞ്ചായത്ത് താൽക്കാലിക കണക്ഷൻ അടക്കമുള്ള അധിക തുക, വൈദ്യുതി ഉപയോഗത്തിന് മുൻകൂറായി ഇലക്ട്രിസിറ്റി ബോര്‍ഡിൽ അടച്ചിരുന്നു. ഈ വിവരം പഞ്ചായത്ത് സെക്കട്ടറി വൈദ്യുതി വകുപ്പ് മന്ത്രിയെ ഇ-മെയിൽ വഴി അറിയിച്ചു. മന്ത്രിയുടെ ഓഫീസ് നടത്തിയ അന്വേക്ഷണത്തിൽ വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥർക്കാണെന്ന് കണ്ടെത്തുകയും മന്ത്രിയുടെ പി.എ. നല്ലോംപുഴ ഇലക്ട്രിസിറ്റി എഞ്ചിനീയർ ഷാമിനോട് പഞ്ചായത്തിനെതിരെ എടുത്ത നടപടി പിൻവലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർ കാര്യങ്ങൾ കാഞ്ഞങ്ങാട് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സീതാരാമനുമായും സ്ഥലം എം.എൽ.എ. എം.രാജഗോപാലുമായും ആലോചിച്ച് എടുത്താൽ മതിയെന്നും നിർദ്ദേശിച്ചു. നൂറുകണക്കിന് സ്‌കൂൾവിദ്യാര്‍ത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന മെയിൻ റോഡ് സൈഡിൽ നിലത്ത് മുട്ടിനിൽക്കുന്ന തരത്തിലാണ് വൈദ്യുതി വകുപ്പ് പഞ്ചായത്തിനുള്ള താൽക്കാലിക കണക്ഷൻ നൽകിയത്. മഴയിൽ നനഞ്ഞ് കിടക്കുന്ന കണക്ഷൻ ബോർഡ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് മറച്ചിരുന്നത്. വൈദ്യുതി സര്‍വീസ് വയറുകള്‍ എല്ലാം തറയില്‍ക്കൂടി വലിച്ചിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതില്‍ നിന്നാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായിട്ടും കഴിഞ്ഞ ഒമ്പത് മാസമായി പഞ്ചായത്തിന് വൈദ്യുതി നൽകുന്നത്. ബസ് സ്റ്റാന്‍ഡ് യാഡിലെ ലൈറ്റിങ്ങിനും പമ്പ് സെറ്റിലേക്കുമെല്ലാം ഇവിടത്തെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മറച്ച് വെച്ചാണ് പഞ്ചായത്തിനെതിരെ വൈദ്യുതി വകുപ്പ് നടപടിയുമായി വന്നതെന്നും ചില താല്പര്യങ്ങൾ കൂടി ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമാക്കൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.
വൈദ്യുതി വിഛേദിക്കാനുള്ള നടപടിയുമായിവന്ന ഇലക്ക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഈസ്റ്റ് ഏളേരി പഞ്ചായത്തു പ്രസിഡന്‍റ് ജെസിടോം പറഞ്ഞു. പഞ്ചായത്തിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് നല്‍കാന്‍ കഴിയില്ലെന്ന് ഭരണസമിതി വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതിന്‍റെ പേരില്‍ വൈദ്യുതി വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല നേതാവിന്‍റെ പകപോക്കലാണിതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമാക്കൽ ആരോപിച്ചു. ബസ് സ്റ്റാന്‍റിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുത്തു തരാന്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായതിനാല്‍ 7 എ കണക്ഷനിലുള്ള വൈദ്യുതിയുപയോഗിച്ചാണ് ബസ് സ്റ്റാന്‍റിലെ ശൗച്യാലയവും, കുടിവെള്ള സംവിധാനവും, രണ്ട് കോഫീ ഹൗസുകളും പ്രവര്‍ത്തിക്കുന്നത്. ബസ് സ്റ്റാന്‍റ് ഉദ്ഘാടനം ചെയ്ത ദിവസം മുതല്‍ 7 എ കണക്ഷനിലെ വൈദ്യുതി ബസ് സ്റ്റാന്‍റിന്‍റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും 28,000 രൂപ പ്രതിമാസം കെ.എസ്.ഇബിക്ക് പഞ്ചായത്ത് നല്‍കുകയും ചെയ്യുന്നുണ്ട്. തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാലിനും, വൈദ്യുത വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഭരണ സമിതി പരാതി നൽകിയിട്ടുണ്ടെന്നും വൈസ് പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്തിനെതിരായ വീഴ്ചയെ കുറിച്ച് പ്രതികരിക്കാൻ നടപടിയെടുത്ത ഉദ്യോഗസ്ഥർ തയ്യാറായില്ല.
