അത്യാവശ്യത്തിന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയെങ്കിലും അനക്കമുണ്ടായില്ല. ഇതോടെ ബോണറ്റ് തുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാത്തിരുന്നത്. നാട്ടുകാരെയും മറ്റുള്ളവരെയും അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി

മഹാപ്രളയത്തില്‍ നിന്ന് അതിജീവനത്തിലേക്ക് പറന്നുയരുകയാണ് മാമല നാട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും അല്ലാതെയും വീടുകളിലേക്ക് മടങ്ങിയെത്തിയവര്‍ക്ക് വിവിധ തരത്തിലുള്ള ജീവികള്‍ വലിയ ഭീഷണിയുയര്‍ത്തുകയാണ്.

മുതലയും ചീങ്കണ്ണിയുമെല്ലാം അടുക്കളയിലും വീടിനകത്തും കണ്ടെത്തിയതിന് പിന്നാലെ പെരുമ്പാമ്പിനെ കാറിനകത്തും കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ മേപ്പയൂരിന് സമീപം കീഴരിയൂര്‍ സ്വദേശി അബ്ദുള്‍ സലാമിന്‍റെ കാറിനകത്താണ് വമ്പനൊരു പെരുമ്പാമ്പ് സുഖവാസം നടത്തിയത്.

കീഴരിയൂര്‍ പ്രദേശത്ത് വലിയ തോതില്‍ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. എന്നാല്‍ അബ്ദുള്‍ സലാമിന്‍റെ വീട് വെള്ളപ്പൊക്കത്തില്‍ർ മുങ്ങിയിരുന്നില്ല. കാറ് വീടിന് മുന്നിലായി ഒതുക്കിയിട്ടിരിക്കുകയായിരുന്നു. അത്യാവശ്യത്തിന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നോക്കിയെങ്കിലും അനക്കമുണ്ടായില്ല. ഇതോടെ ബോണറ്റ് തുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാത്തിരുന്നത്.

നാട്ടുകാരെയും മറ്റുള്ളവരെയും അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പത്തടി നീളവും 32 കിലോ തൂക്കവുമുള്ള പെരുമ്പാമ്പിനെ തത്കാലം വനശ്രീയില്‍ പാര്‍പ്പിക്കും. പ്രളയ ശേഷം വീട്ടിലെത്തുമ്പോള്‍ എല്ലാവരും ഇത്തരം ജീവികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.