തെരുവ് നായുടെ തലയിൽ പ്ലാസ്റ്റിക് ടിന്ന് കുടുങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിന് രണ്ട് ദിവസമായിട്ടും ഫലം കണ്ടില്ല.

എടത്വാ: തെരുവ് നായുടെ തലയിൽ പ്ലാസ്റ്റിക് ടിന്ന് കുടുങ്ങി. രക്ഷിക്കാനുള്ള ശ്രമത്തിന് രണ്ട് ദിവസമായിട്ടും ഫലം കണ്ടില്ല. തലവടി ഭാഗത്ത് അലഞ്ഞു നടക്കുന്ന തെരുവ് നായയുടെ തലയിലാണ് പ്ലാസ്റ്റിക് ടിന്ന് കുടുങ്ങിയത്. രണ്ട് ദിവസം മുൻപാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ വന്നതോടെ തലവടി പ്രദേശത്തെ മൃഗ സ്നേഹികൾ ടിന്ന് ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും നായ പിടിതരാതെ മാറിക്കൊണ്ടിരുന്നു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ തലവടി വെറ്റിനറി സർജ്ജൻ ഡോ. വിഷ്ണു വി. നായർ, പാമ്പ് പിടുത്തക്കാരൻ പ്രജീഷ് ചക്കുളം, ബിനു എം.ജി, സജികുമാർ എന്നിവർ രണ്ട് ദിവസമായി നായയെ പിൻതുടരുന്നുണ്ട്. നായയെ പിടിക്കാനുള്ള ശ്രമത്തിനിടയിൽ പ്രജീഷ് ചക്കുളത്തിന് പരിക്കേറ്റിരുന്നു. രാത്രികാലങ്ങളിൽ നായ കാടിനുള്ളിൽ മറയുന്നതു കാരണം പിടികൂടാനുള്ള ശ്രമം വിഫലമായി തുടരുകയാണ്.

'പ്രളയകാലത്തെ ഹീറോ' ജൈസല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റില്‍

മലപ്പുറം: 2018 പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനത്തിനിടെ ശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജൈസലിനെ അറസ്റ്റ് ചെയ്തു. താനൂർ തൂവൽ തീരം ബീച്ചിൽ ഇരിക്കുകയായിരുന്ന യുവാവിനെയും ഒപ്പമുണ്ടായ വനിതയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. 2021 ഏപ്രിൽ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 

കൈയിൽ പണമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 5000 രൂപ നൽകിയതാണ് യുവതിയെയും യുവാവിനെയും പോകാൻ അനുവദിച്ചത്. തുടർന്നു ഇവർ താനൂർ പോലീസിൽ പരാതി നൽകി. പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ബുധനാഴ്ച താനൂർ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ജൈസല്‍ പിടിയിലായത്. കേസില്‍ ജൈസല്‍ അടക്കം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

2018ൽ മലപ്പുറത്തെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ജൈസല്‍ വാര്‍‍ത്ത പ്രധാന്യം നേടിയത്. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ രക്ഷപെടുത്താൻ ഫൈബർ വള്ളത്തില്‍ എത്തിയതായിരുന്നു ജൈസലും ഒരു സ്ത്രീ വള്ളത്തിൽ കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു. 

ഇതോടെ പ്രായമായ രണ്ടു സ്ത്രീകൾ വള്ളത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് ജെയ്സൽ കമിഴ്ന്ന് കിടന്ന് മുതുകിൽ ചവിട്ടി കയറാൻ ആവശ്യപ്പെട്ടത്. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് ജെയ്സലിന് അഭിനന്ദനവുമായി അന്ന് രംഗത്തെത്തിയത്.