Asianet News MalayalamAsianet News Malayalam

ഏഴര പതിറ്റാണ്ട് പഴക്കമുള്ള റോഡ് റോളർ നിലമ്പൂർ വിട്ടു, ഇനി കോതമംഗലത്തേക്ക്

അര നൂറ്റാണ്ട് വിശ്രമമില്ലാതെ ജോലി ചെയ്ത റോളർ 1997ൽ ഉപയോഗ രഹിതമായി. അറ്റകുറ്റപ്പണിക്ക് ശ്രമിച്ചെങ്കിലും മേലധികാരികളിൽ നിന്ന് അനുകൂലമായ മറുപടി കിട്ടിയില്ല

The seven-and-a-half-decade-old road roller has left Nilambur for Kothamangalam
Author
Malappuram, First Published Feb 18, 2021, 10:46 AM IST

മലപ്പുറം: ഏഴര പതിറ്റാണ്ട് പഴക്കമുള്ള നലമ്പൂരിന്റെ സ്വന്തം റോഡ് റോളർ ഇനി കോതമംഗലത്ത് 'വിലസും'. പൊതുമരാമത്ത് വകുപ്പിന്റെ പുരാതന റോഡ് കോതമംഗലത്തെ ജോസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഇ വി എം ഗ്രൂപ്പാണ് ലേലത്തിനെടുത്തത്. 1946 ൽ ഇംഗ്ലണ്ടിലെ ഗ്രാൻതമിൽ അവൽംഗ് ബാർഫോഡ് കമ്പനിയാണ് റോളറിന്റെ നിർമാതാക്കൾ. 1945ൽ നൽകിയ ഓർഡർ പ്രകാരമാണ് ഇത് നിർമിച്ചത്. 1950 മുതൽ നിലമ്പൂർ സെക്ഷനിലുള്ളതായി പറയപ്പെടുന്നു. ബ്രിട്ടീഷുകാർ നിർമിച്ച റോഡുൾപ്പെടെ മലബാർ മേഖലയിലെ ഒട്ടുമിക്ക റോഡുകളുടെയും നിർമാണ പ്രവർത്തിയിൽ മുഖ്യപങ്കുവഹിച്ചതാണീ റോളർ. 

അര നൂറ്റാണ്ട് വിശ്രമമില്ലാതെ ജോലി ചെയ്ത റോളർ 1997ൽ ഉപയോഗ രഹിതമായി. അറ്റകുറ്റപ്പണിക്ക് ശ്രമിച്ചെങ്കിലും മേലധികാരികളിൽ നിന്ന് അനുകൂലമായ മറുപടി കിട്ടിയില്ല. തുടർന്നാണ് ലേലത്തിന് വെക്കാൻ തീരുമാനിച്ചത്. ബുധനാഴ്ച നടന്ന  അഞ്ചാം ലേലത്തിൽ ഇ വി എം ഗ്രൂപ്പ്  മാനജേർ ഷാന്റോ ടി കൂര്യൻ 3.25 ലക്ഷത്തിനാണ് റോഡ് റോളർ ഏറ്റെടുത്തത്. തുടർ നടപടികൾ പൂർത്തീകരിച്ച ശേഷം ഇ വി എം ഗ്രൂപ്പിന്റെ മരിയ ഇന്റർ നാഷണൽ ഹോട്ടലിന് സമീപത്തെ പുരാവസ്തു ശേഖരത്തിലേക്ക് റോഡ് റോളർ കൊണ്ടുപോകും. വിലപിടിപ്പുള്ള നിരവധി പുരാവസ്തുക്കൾ ഇ വി എം ഗ്രൂപ്പിന്റെ ശേഖരത്തിലുണ്ട്. 

ജപ്പാനിൽ നിന്ന് എത്തിച്ച ട്രൈൻ, അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന മാർക്കിന്റെ ലോറി, ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ടാങ്ക്,പഴയ  ട്രാക്ടർ, ഓട്ടോറിക്ഷ  തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള നിരവധി പുരാവസ്തുക്കൾ ഇ വി എം ഗ്രൂപ്പിന് സ്വന്തമായുണ്ട്. 1946ൽ ഇംഗ്ലണ്ടിൽ നിർമിച്ച റോഡ് റോളറിന് രണ്ട് ലക്ഷം രൂപയായിരുന്നു വിലയിട്ടിരുന്നത്. കഴിഞ്ഞ നാല് തവണയും നിശ്ചിത വില ലഭിക്കാത്തതിനാൽ ലേലം റദ്ദാക്കുകയായിരുന്നു. ഇത്തവണ നിശ്ചിത വിലയേക്കാൾ ഒരുലക്ഷത്തിലേറെ തുകക്ക് ലേലം പൂർത്തീകരിക്കുകയും ചെയ്തു. ഒമ്പത് പേരാണ് ഇത്തവണ ലേലത്തിനെത്തിയത്.
 

Follow Us:
Download App:
  • android
  • ios