ട്രാർസ്‌ഫോർമർ കത്തിനശിച്ച സംഭവത്തിൽ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി.

മലപ്പുറം: ട്രാർസ്‌ഫോർമർ കത്തിനശിച്ച സംഭവത്തിൽ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂർ പോത്തുകല്ല് സ്വദേശി അലവിക്കുട്ടി സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 2018 സെപ്റ്റംബർ ഒമ്പതിനാണ് പരാതിക്കാരൻ ആലുവയിലുള്ള എസ്എസ് ട്രാൻസ്‌ഫോർമേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും പോത്തുകല്ലിലുള്ള തന്റെ കെട്ടിടത്തിന്റെ ആവശ്യത്തിലേക്ക് ട്രാൻസ്‌ഫോർമർ വാങ്ങിയത്. 

2019 ആഗസ്റ്റ് 31 -ന് രാത്രി 8.30 -ന് ട്രാൻസ്‌ഫോർമർ കത്തിനശിച്ചു. വിവരം എതിർകക്ഷികളെ അറിയിച്ചെങ്കിലും ട്രാൻസ്‌ഫോർമർ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ തയ്യാറായില്ല. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ ട്രാൻസ്‌ഫോർമറിന്റെ വിലയും 10 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് സമീപിച്ചത്. എതിർകക്ഷികളുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ട്രാൻസ്‌ഫോർമറിന്റെ നിർമാണത്തിൽ പിഴവുണ്ടായെന്നും കണ്ടെത്തിയാണ് കമ്മീഷന്റെ വിധി. 

ട്രാൻസ്‌ഫോർമറിന്റെ വില 5,01,500 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ അംഗങ്ങളുമായ കമ്മീഷന്റെ വിധിയിൽ പറഞ്ഞു. ഒരുമാസത്തിനകം വിധി നടപ്പിലാക്കാഞ്ഞാൽ ഒമ്പത് ശതമാനം പലിശയും നൽകണം.

Read more:  മൃതദേഹവുമായി പോയ ആംബുലൻസിന്റെ ആക്സിൽ ഒടിഞ്ഞു; ടയർ ഊരിത്തെറിച്ചു, മതിലിൽ ഇടിച്ച് മറഞ്ഞ് അപകടം മാന്നാറിൽ