കേരളമെട്ടുക്കും പ്രളയജലത്താല്‍ പൊറുതിമുട്ടുമ്പോള്‍ കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയിലിലെ ഒരു വീട്ടിലെ കിണ‍ർ വെള്ളം മുഴുവനും ഉള്‍വലിയുകയായിരുന്നു. 

കോഴിക്കോട്: പെരുമഴയിലും കിണറിലെ വെള്ളം പൂര്‍ണമായി ഉള്‍വലിഞ്ഞത് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കി. താമരശേരി പരപ്പന്‍പൊയില്‍ തിരുളാം കുന്നുമ്മല്‍ അബ്ദുല്‍ റസാക്കിന്‍റെ വീട്ട് വളപ്പിലെ കിണറിലെ വെള്ളമാണ് പൂര്‍ണമായും വലിഞ്ഞുപോയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണറില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഒരു ഉറവ പോലും അവശേഷിക്കാതെ വെള്ളം 'അപ്രത്യക്ഷ'മാകുകയായിരുന്നു. 

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എല്ലായിടങ്ങളിലുമുള്ള ജല സ്രോതസുകള്‍ നിറഞ്ഞു കവിയുന്നതിനിടയില്‍ കിണര്‍ വെള്ളം ഉള്‍വലിഞ്ഞതിന്‍റെ ആശങ്കയിലാണ് വീട്ടുകാര്‍. വേനല്‍ക്കാലത്തും വെള്ളം ഉണ്ടാകുമായിരുന്ന കിണറായിരുന്നു ഇതെന്ന് വീട്ടുകാര്‍ പറഞ്ഞു. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു.