കുട്ടനാട്: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങിയശേഷം അയൽവാസിയുടെ റേഷൻ കാർ‌ഡ് കൊടുത്തു പിഞ്ചുകുഞ്ഞുമായി വീട്ടിലേക്ക് വരുന്നതിനിടെ കാൽവഴുതി തോട്ടില്‍ വീണ് അമ്മ മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ മൂലശ്ശേരി വീട്ടില്‍ ലിനോജിന്റെ ഭാര്യ നീതു ജോര്‍ജ് (26) ആണ് മരിച്ചത്. ഒന്നേമുക്കാൽ വയസുള്ള ആന്‍റോച്ചനാണ് ആയുസിന്‍റെ ബലം കൊണ്ട് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് 12.30നോടായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മീനപ്പള്ളി വട്ടക്കായലിന് സമീപമുള്ള പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിച്ചുവന്നിരുന്ന കുടുംബം ദുരിതാശ്വാസ വിതരണ കേന്ദ്രത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടില്‍ വച്ച ശേഷം സമീപത്തെ വീട്ടിലെ റേഷന്‍ കാര്‍ഡ് കൊടുക്കാനായി കുഞ്ഞുമായി പോയിവരവേ കാൽവഴുതി തോട്ടിൽ വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 

സംഭവത്തിന് ശേഷം കുഞ്ഞ് കമഴ്ന്ന് തോട്ടിലൂടെ ഒഴുകിവരുന്നത് കണ്ട സമീപവാസികളായ ജോയല്‍, മാര്‍ട്ടിന്‍ എന്നീ യുവാക്കളാണ് കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മാതാവ് നീതുവിനെ വെള്ളത്തിൽനിന്ന് തപ്പിയെടുക്കുകയായിരുന്നു ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.