2021 ഒക്ടോബർ 17നാണ് കൊല്ലം എസ്എൻ കോളേജ് ജംഗ്ഷൻ സ്വദേശി ശ്രീജിത്ത് ഭാസ്കരൻ്റെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് അഞ്ചു തവണയായി 14,850 രൂപ വീതം 74,250 രൂപ നഷ്ടപ്പെട്ടത്...

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട യുവാവിന് ഒടുവിൽ നീതി ലഭിച്ചു. സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടയാള്‍ക്ക് പരാതി നല്‍കിയിട്ടും സൈബര്‍ സെല്ലില്‍ നിന്ന് സഹായം ലഭിക്കാതെയായപ്പോള്‍, പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട് നഷ്ടപ്പെട്ട പണം തിരികെ നല്‍കിയെന്ന് യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സൈബര്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട കാശിന് പകരം, എഫ്ഐആർ കൊണ്ടുപോയി തലയിണയ്ക്ക് അടിയിൽ വെച്ച്, അത് കാശാണെന്ന് വിചാരിച്ചാൽ മതിയെന്നായിരുന്നു തനിക്ക് സൈബര്‍ സെല്ലില്‍ നിന്നും ലഭിച്ച മറുപടിയെന്നും ഫേസ്ബുക്കില്‍ തന്‍റെ അനുഭവം എഴുതിയ ശ്രീജിത്ത് ഭാസ്കരന്‍ പറയുന്നു. എന്നാല്‍ ആ അധിക്ഷേപത്തില്‍ തളരാതെ പരാതിയുമായി മുന്നോട്ട് പോയപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. ഇത് സംബന്ധിച്ച് പരാതിക്കാരനായ ശ്രീജിത്ത് ഭാസ്കരന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

സൈബര്‍ പൊലീസും ബാങ്കിംഗ് ഓംബുഡ്സ്മാനും കൈവിട്ടതോടെയാണ് താന്‍ നീതിക്ക് വേണ്ടി മുന്നോട്ട് പോകാന്‍ തയ്യാറായതെന്ന് ശ്രീജിത്ത് ഭാസ്കരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 2021 ഒക്ടോബർ 17 -നാണ് കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ സ്വദേശി ശ്രീജിത്ത് ഭാസ്കരന്‍റെ എസ്ബിഐ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് അഞ്ച് തവണയായി 14,850 രൂപ വീതം 74,250 രൂപ നഷ്ടപ്പെട്ടത്. രാവിലെ 6 മണിക്കാണ് ശ്രീജിത്തിന്‍റെ പണം നഷ്ടപ്പെട്ടത്. ഫ്ലിപ്കാർട്ടിൽ നിന്ന് ഗിഫ്റ്റ് കാർഡുകൾ വാങ്ങാനാണ് തുക ഉപയോഗിച്ചിരിക്കുന്നതെന്ന് പിന്നീട് കണ്ടെത്തി. 

അക്കൗണ്ടില്‍ നിന്ന് തുക നഷ്ടപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് ശ്രീജിത്ത്, കൊല്ലം സൈബർ പൊലീസിനും ബാങ്കിനും പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല. റിസർവ് ബാങ്ക് നിയമ പ്രകാരം കാർഡ് ഉടമ അറിയാതെ നടക്കുന്ന അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ പണം നഷ്ടമായാല്‍ ബാങ്ക്, അക്കൗണ്ട് ഉടമകൾക്ക് സഹായം ഒരുക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ബാങ്കിന്‍റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ലെന്ന് ശ്രീജിത്ത് പറയുന്നു. ഇതോടെ ശ്രീജിത്ത് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ കഴിയില്ലെന്ന എസ്ബിഐയുടെ മറുപടി തൃപ്തികരം ആണെന്നായിരുന്നു അറിയിച്ചതെന്ന് ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

ഇതോടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിനായി ശ്രീജിത്ത് മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സമാന രീതിയിൽ ഇതരസംസ്ഥാനങ്ങളിൽ തട്ടിപ്പിന് ഇരയായ മറ്റ് 10 പേരെ കൂടി സമൂഹമാധ്യമം വഴി ശ്രീജിത്ത് കണ്ടെത്തി. എല്ലാവർക്കും ഇമെയിൽ ഒടിപി വഴിയാണ് പണം നഷ്ടപ്പെട്ടത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10 പേർക്ക് ഫ്ലിപ്പ്കാർട്ട് വഴിയും ഒരാൾക്ക് ആമസോൺ വഴിയുമാണ് പണം നഷ്ടപ്പെട്ടിരുന്നത്. പുലർച്ചെയോടെയാണ് എല്ലാവരുടെയും പണം നഷ്ടമായിരുന്നത്. എന്നാല്‍, ഇവർ ആരും തന്നെ തങ്ങളുടെ വിവരങ്ങളോ, ഒടിപിയോ മറ്റാര്‍ക്കും തന്നെ കൈമാറിയിട്ടുണ്ടായിരുന്നില്ല. 

പൊലീസിലും, ബാങ്കിലും, ഓംബുഡ്സ്മാനിലും പ്രതീക്ഷ നശിച്ച മറ്റ് 10 പേരെയും ബന്ധപ്പെട്ട ശ്രീജിത്ത് എല്ലാവരോടും വീണ്ടും ദേശീയ സൈബർ സെക്യൂരിറ്റി തലവനും പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി നൽകാന്‍‌ ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ സൈബര്‍ സെക്യൂരിറ്റി തലവനും പരാതി നല്‍കി. ഇതിനിടെ ആദ്യ പരാതി നല്‍കി മൂന്ന് മാസം കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വിവരം ആരാഞ്ഞ് കൊല്ലം സൈബര്‍ പൊലീസിന് കത്ത് ലഭിച്ചതോടെയാണ് തന്‍റെ പരാതിയില്‍ മൂന്ന് മാസത്തിന് ശേഷം എഫ്ഐആർ ഇടാൻ പോലും കൊല്ലം സൈബർ പൊലീസ് തയ്യാറായതെന്ന് ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

"ശ്രീജിത്തെ ഇനി കാശിന് പകരം ഈ എഫ്ഐആര്‍ കൊണ്ടുപോയി തലയിണയ്ക്ക് അടിയിൽ കൊണ്ടു വച്ചോ കാശ് ആണെന്ന് അങ്ങ് വിചാരിച്ചാൽ മതി" എന്നായിരുന്നു മൂന്ന് മാസം മുമ്പ് കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിലെ സി.ഐ തന്നോട് പറഞ്ഞതെന്നും ശ്രീജിത്ത് പറയുന്നു. തന്‍റെ അച്ഛന്‍ ഒരു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. കുടുംബത്തിൽ വേറെയും പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അതിനാൽ തന്നെ ഈ ഒരു മറുപടി തന്നില്‍ ഞെട്ടലുണ്ടാക്കിയില്ലെന്നും എന്നാല്‍, നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനായി ഏതറ്റം വരെ പോകാനും താന്‍ തയ്യാറായിരുന്നെന്നും ശ്രീജിത്ത് പറയുന്നു. 

ദേശീയ സൈബർ സെക്യൂരിറ്റി തലവൻ, സൈബർ കോ ഓർഡിനേഷൻ (I4C), പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ കൂട്ട പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ബാങ്ക് പണം തിരികെ നല്‍കാന്‍ തയ്യാറായെന്നും ശ്രീജിത്ത് പറയുന്നു. പരാതി നൽകിയ പതിനൊന്ന് പേരിൽ പത്ത് പേരുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്കും നഷ്ടപെട്ട പണം തിരികെ എത്തി. ഡൽഹി സ്വദേശിയുടെ കാർഡിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയതിനാൽ ഇനി കോടതി നടപടികൾ കഴിഞ്ഞ് മാത്രമേ ഇദേഹത്തിന്‍റെ പണം ക്രെഡിറ്റ് ആവുകയുള്ളൂ. കർണാടക പൊലീസ് ഉൾപ്പടെ സംഭവത്തിൽ ബാങ്കിന് കത്ത് നൽകിയപ്പോൾ കേരള സൈബര്‍ സെല്ലിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തത് വിഷമിപ്പിച്ചെന്നും ബാങ്ക് അറിയാതെ അക്കൗണ്ട് വിവരങ്ങൾ മൂന്നാമതൊരാള്‍ക്ക് ലഭിക്കുന്നത് സംശയം ഉളവാക്കുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. 

'രാജ്യത്തെ ഏത് പൗരനും പരാതി പറയാനായി ഒരു പോര്‍ട്ടലുണ്ട്. നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിങ്ങ് പോര്‍ട്ടല്‍ (എന്‍സിആര്‍പി പോര്‍ട്ടല്‍) എന്ന ഈ പോര്‍ട്ടലിലൂടെ രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ആര്‍ക്കും ഓണ്‍ലൈനായി പരാതി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഒരു ടോള്‍ഫ്രീ നമ്പറും ഉണ്ട്, അത് 1930 ആണെന്ന് കൊല്ലം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഖാന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികള്‍ പരാതിക്കാരന്‍റെ അഡ്രസ് വച്ച് ക്ലാസിഫൈ ചെയ്ത് പരാതിക്കാന്‍റെ ഏറ്റവും അടുത്തുള്ള ഓഫീസിലേക്ക് അയക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത പരാതിയാണ് ശ്രീജിത്ത് ഭാസ്കരന്‍റെതും. ഇത്തരത്തില്‍ ഓഫീസില്‍ പരാതികള്‍ ലഭിക്കുമ്പോള്‍, നമ്മള്‍ പരാതിക്കാരനെ നേരിട്ട് വിളിക്കും. തുടര്‍ന്ന് പരാതിക്കാരനോട് എന്താണ് ആവശ്യമെന്ന് ചോദിക്കും. അതായത്, കേസിന് പോകാനാണോ താത്പര്യം അതോ, നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചാല്‍ മാത്രം മതിയോ എന്നാണ് അന്വേഷിക്കുക.. ചിലര്‍ക്ക് കേസിന് പോകാന്‍ താത്പര്യമുണ്ടാകില്ല, പണം തിരികെ ലഭിച്ചാല്‍ മാത്രം മതിയാകും. അത്തരക്കാരുടെ മൊഴി ഞങ്ങള്‍ രേഖപ്പെടുത്തും. ഇനി കേസിന് പോകാന്‍ താത്പര്യമുള്ളവരാണെങ്കില്‍ എഫ്ഐആറിന്‍റെ കോപ്പി പരാതിക്കാരന് കൈമാറുന്നതോടൊപ്പം കോടതിയിലും കൊടുക്കും. 

ശ്രീജിത്ത് ഭാസ്കരന്‍റെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അതിന്‍റെ കോപ്പി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തതാണ്. മാത്രമല്ല, ഓംബുഡ്സ്മാന് പരാതി നല്‍കണമെങ്കില്‍ പരാതിയുടെ കോപ്പി ആവശ്യമാണ്. ബാങ്കിന്‍റെ ഡാറ്റാബെയ്സിന്‍റെ പ്രശ്നം കൊണ്ടാണ് പണം നഷ്ടമായതെങ്കില്‍ ഈ എഫ്ഐആറിന്‍റെ കോപ്പി നല്‍കിയാല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പണം തിരികെ ഇടും. ഇത്തരത്തില്‍ ബാങ്കില്‍ നിന്നും പണം ലഭിക്കുന്നവര്‍ ചിലപ്പോള്‍ കൂടുതല്‍ നടപടി ആവശ്യമില്ലെന്ന് പറയുകയും കേസ് ക്ലോസ് ചെയ്യുകയും ചെയ്യും. മറ്റ് ചിലര്‍ പണം തിരികെ ലഭിച്ചാലും കേസുമായി മുന്നോട്ട് പോകാന്‍ തയ്യാറാകും. ഇത്തരത്തിലുള്ളവരുടെ പരാതികളുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ശ്രീജിത്തിന്‍റെ കേസില്‍ പണം ലഭിച്ചിട്ടുണ്ടെങ്കിലും കേസ് കോടതിയിലായതിനാല്‍ കേസ് തുടരുമെന്നും പ്രതിയെ പിടികൂടുമെന്നും' കൊല്ലം സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഖാന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. ശ്രീജിത്ത് ആരോപിച്ച തരത്തിലൊന്നും അവിടെ നടന്നിട്ടില്ലെന്നും മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീജിത്ത് ബാസ്കരന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ശ്രീജിത്തെ ഇനി കാശിനു പകരം ഈ FIR കൊണ്ടു പോയി തലയിണയ്ക്ക് അടിയിൽ കൊണ്ടു വച്ചോ കാശ് ആണെന്ന് അങ്ങു വിചാരിച്ചാൽ മതി" :
 സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട എന്നോട് പോലീസ് കേസ് എടുത്ത ശേഷം തന്ന മറുപടി ആണ് അച്ഛൻ ഒരു മുൻ പോലീസുകാരൻ ആയതുകൊണ്ട് അതുഭുതം ഒന്നും തോന്നിയില്ല 
ആവരും പണ്ട് ഇതേപോലെ ഒക്കെ പറഞ്ഞിട്ടുണ്ടാകും ,ഓംബുഡ്സ്മാനും പറഞ്ഞു നിങ്ങൾ തന്നെ ആണ് കുറ്റക്കാരൻ എന്നു
74250/- രൂപ നഷ്ടപെട്ടിട്ട് ഇന്ന് 7 മാസം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. സമാന രീതിയില് അന്യ സംസ്ഥാനങ്ങളിൽ കാശ് പോയ 10 പേരെ സമൂഹ മാധ്യമം വഴി കണ്ടു പിടിച്ചു . പോലീസിലും ബാങ്കിലും ഓംബുഡ്സ്മാനിലും പ്രതീക്ഷ നശിച്ച അവരെ വീണ്ടും ആത്മവിശ്വാസം കൊടുത്തു പരാതികൾ വീണ്ടുംസൈബർ സെക്യൂരിറ്റി തലവന് കൊടുപ്പിച്ചു ഒരേ മറുപടി എല്ലാവർക്കും തന്നു കബളിപ്പിച്ച ബാങ്കിങ് ഓംബുഡ്‌സ്മാൻ എന്ന തട്ടിപ്പ് സംവിധാനത്തെക്കുറിച്ചും സർക്കാരിന് പരാതി കൊടുത്തു.
ഇന്ത്യയുടെ നാഷണൽ സൈബർ സെക്യൂരിറ്റി തലവൻ, സൈബർ കോ ഓർഡിനേഷൻ (I4C) ,പ്രധാനമന്ത്രിയുടെ ഓഫീസ് ,ഇവടങ്ങളിൽ കൊടുത്തിട്ടുള്ള പരാതികളിൽ സമാന തുക നഷ്ടപ്പെട്ട 10 പേര് കൂടി ചേർന്നപ്പോൾ ബാങ്ക് സമാധാനം പറഞ്ഞല്ലേ പറ്റൂ. എല്ലാവർക്കും ഇമെയിൽ otp ഉപയോഗിച്ചു പണം നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടത് ഒക്കെ ഫ്ലിപ്കാർട്ടിൽ .ഉപയോഗിച്ചത് SBI കാർഡ്. അവസാനം ബാങ്ക് പെട്ടു 10 പേർക്കും കാശ് തിരികെ തരാൻ തീരുമാനമായി
അധ്വാനിച്ചു ഉണ്ടാക്കിയ പൈസ നഷ്ടപ്പെടുന്നവനോട് അതു ഇനി കിട്ടില്ല എന്നു പറയുന്നവരോട് ബഹുമാനകുറവ് ഇല്ല പക്ഷെ അത് മേടിക്കുക എന്നത് പിന്നെ പണം നസ്സപ്പെടുന്നവരുടെ ജോലി ആണ്. ഓംബുഡ്സ്മാനും പോലീസും നിങ്ങളെ തോല്പിച്ചാൽ പിന്നെ കളി അതുക്കും മേലെ കളിക്കണം
ഒരു ഉറച്ച കേന്ദ്ര സർക്കാർ സംവിധാനവും ,കൃത്യമായി ജോലി ചെയ്യാൻ അറിയാവുന്നവരും ഉള്ളത് കൊണ്ട് എനിക്ക് പേടിക്കേണ്ടി വന്നില്ല.
10 പേർക്കും ബാങ്ക് കാശ് തിരികെ കൊടുത്തു. അങ്ങിനെ കുറച്ചു ആളുകൾക്ക് ഞാനും ഒരു ആശ്വാസം ആയി .
നന്ദി : രാജേഷ് പന്ത് (നാഷണൽ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്റർ, മിനിസ്റ്റർ രാജീവ് ചന്ദ്രശേഖർ (IT), ഡയറക്ടർ I4C,നരേന്ദ്ര മോദിജി,എസ് ബി ഐ ചെയർമാൻ, Elvis J Alex Vachaparampil )
മറ്റെല്ലാവരോടും നന്ദി