Asianet News MalayalamAsianet News Malayalam

തിരക്കില്ലാത്ത തീയറ്ററിലെ ഇരുട്ടിൽ അര്‍ധ നഗ്നനായി മുട്ടിൽ ഇഴഞ്ഞ് മോഷണം; സിസിടിവിയിലെ പ്രതിയെ തെരഞ്ഞ് പൊലീസ്

ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളിൽ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കും. സിനിമ തുടങ്ങി കഴിഞ്ഞാൽ വസ്ത്രങ്ങൾ ഊരിമാറ്റി അർധ നഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്‌സ് മോഷ്ടിക്കും

theatre theft cctv visuals viral police investigation continues btb
Author
First Published Oct 26, 2023, 2:58 AM IST

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറും. സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ പിന്നെ അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കും. സിസിടിവിയിൽ കുടുങ്ങിയ കള്ളനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയവരുടെ പഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളനെ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്തിയത്.

ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളിൽ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കും. സിനിമ തുടങ്ങി കഴിഞ്ഞാൽ വസ്ത്രങ്ങൾ ഊരിമാറ്റി അർധ നഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്‌സ് മോഷ്ടിക്കും. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണ വിവരം അറിയില്ല. തുടർന്ന് സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. ഗംഗ തിയേറ്ററിൽ കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയ ഏതാനും യുവതികളുടെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു.

തിയേറ്ററിൽ അറിയിച്ചതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ തിയേറ്റർ അധികൃതർ ആറ്റിങ്ങൽ പൊലീസിന് കൈമാറി. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ഇൻസ്പെക്ടർ മുരളീകൃഷ്ണ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, തിരുവനന്തപുരം വർക്കല, കവലയൂർ പ്രദേശങ്ങളിലെ മോഷണ പരമ്പരയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം മൂന്ന് പേർ പിടിയിലായി. മൊബൈൽ കടയിലെ മോഷണ കേസിലാണ് വെട്ടൂർ സ്വദേശിയായ 19കാരനും സംഘവും പിടിയിലായത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൂടുതൽ കേസുകളിൽ ഇവർ പ്രതികളെന്ന് പൊലീസ് കണ്ടെത്തി. ശനിയാഴ്ച രാത്രി കവലയൂർ ജംഗ്ഷനിലെ മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് മൂന്നംഗ സംഘം അറസ്റ്റിലായത്.
 

Follow Us:
Download App:
  • android
  • ios