മാന്നാർ: ആലപ്പുഴ മന്നാറിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണം. ലോക്കർ ഉൾപ്പെടെ 10 ലക്ഷം രൂപ അപഹരിച്ചു. ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്ത് കിഴക്കേവഴി വെട്ടത്തുവിള സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ഭാരത് ഫിനാൻഷ്യൽ ഇൻക്യൂഷൻ ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ചെറുകിട തൊഴിൽ സംരംഭങ്ങൾ ഗ്രാമങ്ങളിൽ തുടങ്ങുന്നതിനായി വനിതകളുടെ കൂട്ടായ്മ രൂപികരിച്ചുള്ള ഗ്രൂപ്പുകൾക്കാണ് കമ്പനി പണം നൽകുന്നത്. 10 അംഗങ്ങളുള്ള ഗ്രൂപ്പിന് പരസ്പര ജാമ്യത്തിൽ 25000 രൂപാ മുതൽ ഒരു ലക്ഷം രൂപാ വരെ വായ്പയായി നൽകുന്നു. എല്ലാ ആഴ്ചയിലും മുടക്കം കൂടാതെ തുക കൃത്യമായി അടയ്ക്കണം. ഇങ്ങനെ വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച 10 ലക്ഷം രൂപ ബാങ്കിൽ നിഷേപിക്കാതെ മുറിയിലുള്ള ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മുറിയുടെ വാതലിൻ്റെ പൂട്ട് തകർത്ത് പണമടങ്ങിയ ലോക്കർ ഉൾപ്പെടെയാണ് അപഹരിച്ചത്. ചെങ്ങന്നൂർ, മാന്നാർ, ചെന്നിത്തല, ബുധനൂർ എന്നിവിടങ്ങളിലെ കളക്ഷനും വായ്പയായി കൊടുക്കുവാനുള്ള തുകയാണ് കവർന്നത്. രാവിലെ ആറിന് സ്ഥാപനത്തിലെത്തിയ മാനേജർ മുൻവശത്ത് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ ലോക്കറിൻ്റെ മുറി തുറന്ന നിലയിൽ കാണപ്പെട്ടു. ഉടൻ മാന്നാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി. രേഖകൾ പരിശോധിച്ചപ്പോൾ 10 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി കണ്ടെത്തി. ഡോഗ് സ്കോഡിലെ സംഘവും പരിശോധന നടത്തി.