വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
കൊച്ചി: എറണാകുളം പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്‌ലെറ്റിലുണ്ടായ മോഷണത്തിൽ നാല് പേർ പിടിയിൽ. വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. ഓണം ആഘോഷിക്കാനും വിൽപനയ്ക്കുമായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു.
അവധി ദിവസമായ ഒന്നാം തിയ്യതി രാത്രിയായിരുന്നു പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് പ്രതികളെത്തിയത്. താഴത്തെ നിലയിലെ ഷട്ടറിന്‍റെ പൂട്ടുതുറന്ന് രണ്ട് പേർ മുകളിലെ പ്രീമിയം കൗണ്ടറിലെത്തി. രണ്ട് പേർ പുറത്തുനിന്നു. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചിരുന്നു. എന്നാൽ സിസി ടിവി ക്യാമറകളുടെ സഹായത്തോടെ പൊലീസ് പ്രതികളിലേക്കെത്തി. വെടിമറ സ്വദേശികളായ സഫീറും, അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. ഓണം കളറാക്കാനും ബാക്കി വിൽക്കാനുമായിരുന്നു ഇവരുടെ മോഷണം.ഔട്ട്‌ലെറ്റിൽ നിന്ന് പന്ത്രണ്ട് കുപ്പി മദ്യവും ഏകദേശം രണ്ടായിരം രൂപയും ഇവർ മോഷ്ടിച്ചിരുന്നു. പ്രീമിയം കൗണ്ടറിൽ നിന്ന് വിലകൂടിയ മദ്യമാണ് ഇവർ തിരഞ്ഞെടുത്തത്. അഞ്ച് കെയ്സ് മദ്യം നിലത്ത് പൊട്ടി കിടക്കുന്ന നിലയിലും കണ്ടെത്തി. മൊത്തം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.


