എടത്തറയിൽ കടകളിൽ കള്ളൻ കയറി. പതിനഞ്ചോളം കടകളുടെ പൂട്ട് തകർത്താണ് മോഷണശ്രമം
പാലക്കാട്: എടത്തറയിൽ കടകളിൽ കള്ളൻ കയറി. പതിനഞ്ചോളം കടകളുടെ പൂട്ട് തകർത്താണ് മോഷണശ്രമം. എടത്തറ, അഞ്ചാം മൈൽ, കിഴക്കഞ്ചേരിക്കാവ്, തുടങ്ങിയ സ്ഥലങ്ങളിലാണ് കള്ളനെത്തിയത്. പത്തിലധികം കടകളുടെ പൂട്ട് തകർത്തു. വിവിധ കടകളിൽ നിന്നായി പതിനഞ്ചായിരം രൂപയും രണ്ട് മൊബൈലും മോഷണം പോയി.
രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണശ്രമം ഉടമകൾ തിരിച്ചറിഞ്ഞത്. ഇത്രയധികം കടകളുടെ പൂട്ട് പൊളിച്ചത് ഒരാളാണോ, സംഘമാണോ എന്നാണ് സംശയം. മങ്കര പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.
Read more: കൂലിപ്പണി ചെയ്ത് വാങ്ങിയ മാല കള്ളനെടുത്തു, അവർ പൊട്ടിക്കരഞ്ഞു; വാർത്ത കേട്ട് ചക്കിയെ തേടിയെത്തിയത് 'തങ്കം'
അതേസമയം, ഇരണിയലിൽ തമിഴ്നാട് ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്ന സഹോദരങ്ങൾ പിടിയിൽ. കന്യാകുമാരി കയത്താർ അമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജും (38), അനുജൻ കണ്ണനും (32) ആണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ബിവറേജ് ഔട്ലെറ്റിലാണ് ഇരുവരും മോഷണം നടത്തിയത്. ബീവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യ കുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നതായി പൊലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ഛ് അന്വേഷണം നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ കൈവശം നിന്ന് 380 മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു. കാറിൽ മാധ്യമ പ്രവർത്തകൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മീഡിയ സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
