കഴിഞ്ഞ 16ന് കുമാരപുരം മുണ്ടോലില്‍ ക്ഷേത്രത്തിനു വടക്കുവശത്തായിരുന്നു സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റായിരുന്ന യുവതിയുടെ ബാഗാണ് തട്ടിയെടുത്തത്
ഹരിപ്പാട്: ബൈക്കില്‍ പിന്തുടര്‍ന്നെത്തി സ്‌കൂട്ടര്‍ യാത്രികയുടെ പണം അടങ്ങിയ ബാഗ് മോഷ്ടിച്ച സംഘത്തിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നു. സംഭവം നടന്ന മുണ്ടോലില്‍ ക്ഷേത്രത്തിനു വടക്കുവശം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇവരെ തെളിവെടുപ്പിനായി തൃക്കുന്നപ്പുഴ പൊലീസ് കൊണ്ടുവന്നത്. കേസില്‍ മൂന്ന് പ്രതികളാണ് ഉള്ളത്.
കഴിഞ്ഞ 16ന് കുമാരപുരം മുണ്ടോലില്‍ ക്ഷേത്രത്തിനു വടക്കുവശത്തായിരുന്നു സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റായിരുന്ന യുവതിയുടെ ബാഗാണ് തട്ടിയെടുത്തത്. ബാഗില്‍ ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയാണ് ഉണ്ടായിരുന്നത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയത്.
സംഭവം നടന്ന വഴിയിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളുടെ ഏകദേശ രൂപം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളായ കൊല്ലം ശുരനാട് സൗത്ത് കാക്കക്കുന്ന് പോക്കാട്ടു വടക്കത്തില്‍ ജിബിന്‍ (22), കരുനാഗപ്പള്ളി ഐനവേലിക്കുളങ്ങര ഉജ്ജയനി വീട്ടില്‍ സുജിത്ത് (28) എന്നിവരും മൂന്നാമന്‍ ഭരണിക്കാവ് സിനിമ പറമ്പ് സ്വദേശിയായ പതിനേഴ് കാരനുമാണ് പ്രതികള്‍.
സുജിത്ത് നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും ജയില്‍ ശിക്ഷ കഴിഞ്ഞ് ഒരുമാസം മുമ്പാണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു. രണ്ടു ദിവസത്തേക്കാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തുടര്‍ന്ന് ഇവരെ കരുനാഗപ്പളിയിലും തെളിവെടുപ്പിനായി കൊണ്ടുപോയി.
